സ്കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ല : മന്ത്രി വി.ശിവൻകുട്ടി

Monday 14 July 2025 12:42 AM IST

□ചർച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ചർച്ച നടത്തുന്നത്. സമസ്തയുമായി മാത്രമല്ല, സംശയമുള്ള എല്ലാവരേയും ചർച്ചയ്ക്ക് വിളിച്ച് നിയമ പ്രശ്നങ്ങൾ വ്യക്തമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതു വിദ്യാഭ്യാസവകുപ്പ് രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയതിൽ സമസ്തയുടെയും പിന്തുണയുണ്ടെന്ന് അഭിനന്ദിച്ച മന്ത്രി, അതിനിയും ആവശ്യമാണെന്നും പറഞ്ഞു. മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചർച്ച ആലോചിക്കും. ഹൈക്കോടതി വിധിക്കു പുറമെ, വിദ്യാഭ്യാസ അവകാശ നിയമവും അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ കലണ്ടർ. വിദ്യാഭ്യാസ നിയമങ്ങൾ മാറ്റണമെങ്കിൽ നിയമസഭയിൽ ഭേദഗതി വരുത്തണം. കോടതിവിധിയിലും വിദ്യാഭ്യാസ നിയമങ്ങളിലും ചർച്ചയില്ല.

.ഹൈസ്‌കൂൾ ക്ലാസുകളിലാണ് സമയമാറ്റമുള്ളത്. എൽ.പിക്ക് അധിക പ്രവൃത്തി ദിനമില്ല. യു.പിക്ക് രണ്ട് ശനിയാഴ്ചകൾ മാത്രമാണ് അധിക പ്രവൃത്തിദിനം. ഹൈസ്‌കൂളിന് 38 വെള്ളിയാഴ്ചകൾ ഒഴിവാക്കിയാണ് അര മണിക്കൂർ വീതം വർദ്ധിപ്പിച്ചതും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയതും.. സർക്കാർ എന്തു കാര്യം പറഞ്ഞാലും ദുഷ്ടലാക്കോടെ കാണുന്നത് ശരിയല്ല. കാര്യങ്ങൾ മനസിലാക്കാതെ സമരം പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. താൻ ആരെയും വെല്ലുവിളിച്ചിട്ടില്ല. കഴിഞ്ഞ വർഷം ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ കലണ്ടറിനെതിരേ കോടതിയിൽ പോയത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അദ്ധ്യാപക സംഘടനകളായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാവിലെയും വൈകിട്ടും അര മണിക്കൂർ വീതം സമയം കൂട്ടിയപ്പോൾ ഒരു വിവാദവുമുണ്ടായില്ല. ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കു പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.