കെ.എസ്.ആർ.ടി.സിയിലെ വിവാദ സസ്പെൻഷൻ: കടുത്ത നടപടിയുണ്ടാവില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറുമായി വഴി വിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നാലെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ നടപടികളുണ്ടാകില്ലെന്ന് സൂചന.
വനിതാ കണ്ടക്ടർക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ സസ്പെൻഷൻ ഉത്തരവിൽ കടന്നു കൂടിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശാസനയേ മാനേജ്മെന്റ് ആലോചിക്കുന്നുള്ളൂ.
കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധമുണ്ടെന്ന് ഒരു യുവതി മന്ത്രിക്കു നൽകിയ പരാതിയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ എന്നിവ സഹിതമായിരുന്നു പരാതി. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. സസ്പെൻഷൻ വിവാദമായപ്പോൾ ഇടപെടലുണ്ടായതും മന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. സസ്പെഷൻ ഉത്തരവിലെ വ്യക്തിപരമായ പരാമർശമാണ് പ്രശ്നമായത്.സസ്‌പെൻഷൻ ഉത്തരവിൽ വനിതാ കണ്ടക്ടറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശങ്ങൾ ഉൾപ്പെട്ടത് ചീഫ് ഓഫീസിലെ വിജിലൻസ് വിഭാഗത്തിൽ നിന്നാണെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. അച്ചടക്ക നടപടിക്കായി ചീഫ് ഓഫീസിൽ ഫയൽ തയാറാക്കിയപ്പോൾ ഡ്രൈവറുടെ ഭാര്യയുടെ പരാതിയെക്കുറിച്ചും അതിൽ പരാമർശിച്ചിരുന്നു. ക്ലർക്ക്, സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ എന്നിവർ കണ്ടതിന് ശേഷമാണ് ഫയൽ വിജിലൻസ് എക്സിക്യൂട്ടീവ് ഓഫീസർക്ക് മുന്നിലെത്തിയത്. ജീവനക്കാരിയെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശങ്ങൾ സസ്പെൻഷൻ ഉത്തരവിൽ ഉൾപ്പെടുകയും ചെയ്തു.