പരസ്യ വിമർശനം: ജോസ് കെ. മാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കാൻ മന്ത്രി ശശീന്ദ്രൻ
കാസർകോട്: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് (എം), എൻ.സി.പി.എസ് ഭിന്നത മറനീക്കുന്നു. നിരന്തരം വനം വകുപ്പിനെതിരെ ആക്ഷേപം ഉന്നയിക്കുന്ന കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കാൻ തയ്യാറെടുക്കുകയാണ് വനം വന്യജീവി വകുപ്പ് മന്ത്രിയും മുതിർന്ന എൻ.സി.പി.എസ് നേതാവുമായ എ.കെ ശശീന്ദ്രൻ.
ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസർകോട് എത്തിയപ്പോൾ ജോസ് കെ. മാണിക്കെതിരെ മന്ത്രി ശശീന്ദ്രൻ പരസ്യമായി പ്രതികരിച്ചിരുന്നു. ജോസ് കെ. മാണി യു.ഡി.എഫിലേക്ക് മടങ്ങിപ്പോകാൻ രഹസ്യ ചർച്ചകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശീന്ദ്രന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. വന്യജീവി ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ജോസ് കെ. മാണിയുടെ ആവശ്യം, വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള സമ്മർദ്ദ തന്ത്രമാണെന്നാണ് ശശീന്ദ്രന്റെ പക്ഷം. ഇത് തിരിച്ചറിഞ്ഞതോടെയാണ് എൻ.സി.പി നേതാവ് കൂടിയായ ശശീന്ദ്രൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
ക്രിസ്ത്യൻ സംഘടനകളെ മുന്നിൽ നിർത്തിയാണ് ജോസ് കെ. മാണി വനം വകുപ്പിനെതിരെ തിരിയുന്നതെന്ന് എ.കെ. ശശീന്ദ്രൻ കരുതുന്നു. സി.പി.ഐ നേരത്തെ തന്നെ കേരള കോൺഗ്രസ് -എം ഇടതുമുന്നണിയിൽ രണ്ടാമത്തെ കക്ഷിയാകാൻ ശ്രമിക്കുന്നതിനെതിരെ പ്രതിരോധം തീർത്തിരുന്നു. തന്നെ നന്നാക്കാൻ വരുന്നതിന് മുമ്പ് അവനവൻ നന്നാകണമെന്ന പരോക്ഷ വിമർശനവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്.
മുന്നണിക്കുള്ളിൽ നടത്തുന്ന ജോസ് കെ. മാണിയുടെ വിലപേശൽ തന്ത്രങ്ങൾ തുറന്നുകാട്ടാനാണ് ശശീന്ദ്രന്റെ ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കാൻ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആശയവിനിമയം നടത്തിയതായും വിവരങ്ങളുണ്ട്.