എൻ.ഡി.എ ബൂത്ത്തലം വരെ ശക്തിപ്പെടുത്തണം: അമിത് ഷാ
തിരുവനന്തപുരം:തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് എൻ.ഡി.എയുടെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ ബൂത്ത്തലം വരെ ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിർദ്ദേശിച്ചു. അമിത്ഷായുമായി എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായത്.
രണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന സീറ്റുകളും സ്ഥാനാർത്ഥികളെയും സംബന്ധിച്ച് മുൻ കൂട്ടി എൻ.ഡി.എയിൽ ധാരണയുണ്ടാക്കി പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും അസംതൃപ്തരായ
ഘടകകക്ഷികളുമായും എൻ ഡി എയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ള ന്യൂനപക്ഷ സമുദായങ്ങളുമായും ചർച്ച ചെയ്യാനും ഏകോപിപ്പിക്കാനും തുഷാർ വെള്ളാപ്പള്ളിയെ ചുമതലപെടുത്തി.കേന്ദ്ര സർക്കാർ പദ്ധതികൾ മുഴുവൻ ഭവനങ്ങളിലും എത്തിക്കുന്നതിന് വിപുലമായ പ്രചാരണം നടത്തും..
സംസ്ഥാനത്തെ സർവകലാശാലകൾക്ക് കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.. സർവ്വകലാശാലകളിലെ യു.ജി.സി ഫണ്ടിന്റെ ദുരുപയോഗം അന്വേഷണ വിധേയമാക്കുന്ന കാര്യവും അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷർ രാജീവ് ചന്ദ്രശേഖർ ബി.ഡി.ജെ.എസ് ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട് അഡ്വ.പി.എസ്. ജ്യോതിസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.