പി.കെ.ശശി സി.പി.എം വിടുമെന്ന് അഭ്യൂഹം: നിഷേധിച്ച് പാർട്ടി

Monday 14 July 2025 12:00 AM IST

പാലക്കാട്: കെ.ടി.‌ഡി.സി ചെയർമാനും ,സി.പി.എം മുൻ എം.എൽ.എയുമായ പി.കെ.ശശി

കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ,നിഷേധവുമായി പാർട്ടി ജില്ലാ

നേതൃത്വം.

സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ബ്രാഞ്ച് അംഗത്വത്തിലേക്ക് തരം താഴ്ത്തപ്പെട്ട

പി.കെ.ശശി ,പാർട്ടി പ്രാദേശിക നേതൃത്വവുമായി അസ്വാരസ്യത്തിലാണ്.മുസ്ലിം ലീഗ്

ഭരിക്കുന്ന മണ്ണാർകാട് നഗരസഭയുടെ പുതിയ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടന

ചടങ്ങിൽ പാർട്ടി എതിർപ്പ് മറി കടന്ന് മുഖ്യാതിഥിയായി ശശി പങ്കെടുത്തത് വിവാദമായി.

ചടങ്ങിൽ ശശി പറഞ്ഞ സിനിമാ ഡയലോഗും ജില്ലയിൽ ചൂടേറിയ രാഷ്ടീയ ചർച്ചയായി.

തുടർന്നാണ്,മൗനം വെടിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഇന്നലെ

രംഗത്തെത്തിയത്.പാലക്കാട് ജില്ലയിൽ സി.പി.എമ്മിന് 42222 അംഗങ്ങളുണ്ട്. അവരൊക്കെ എവിടെയെങ്കിലും എന്തെങ്കിലും പറയുന്നതിന് പാർട്ടി മറുപടി പറയേണ്ട കാര്യമില്ല. മുസ്‌ലിം ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭ പൂ‌ർണമായും അഴിമതിയിൽ മുങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ വേദിയിൽ വച്ചാണ് ബിഗ്‌ബി എന്ന സിനിമയിലെ 'കൊച്ചി പഴയ കൊച്ചിയല്ല, എന്നാൽ ബിലാൽ പഴയ ബിലാൽ തന്നെയാണ്' എന്ന ഡയലോഗ് ശശി പറഞ്ഞത്. അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നും അത് തെളിയിക്കാൻ കഴിയണമെന്നും, മാലിന്യക്കൂമ്പാരത്തിൽ കിടക്കുന്നവൻ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്ത പുള്ളി ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛമാണെന്നും ശശി പറഞ്ഞു. സി.പി.എം പ്രാദേശിക നേതൃത്വത്തെ ലക്ഷ്യം വച്ചായിരുന്നു ശശിയുടെ ഒളിയമ്പ്. ചടങ്ങിൽ പങ്കെടുത്തതിന് ശശിയെ കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു. . ശശിക്ക് കോൺഗ്രസിലേക്ക് വരാൻ അയോഗ്യതയില്ലെന്ന് വി.കെ.ശ്രീകണ്ഠൻ എം.പിയും പ്രതികരിച്ചു. എന്നാൽ, ഏത് ബിലാല് പറഞ്ഞാലും മണ്ണാ‌ർക്കാട് പഴയ മണ്ണാ‌ർക്കാടല്ലെന്നും, ഇവിടെ ഒരു കൂട്ടുകച്ചവടവും നടക്കില്ലെന്നും ശശിക്ക് മറുപടിയായി ഡി.വൈ.എഫ്.ഐ മണ്ണാ‌ർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീജ് വെള്ളയമ്പലം പറഞ്ഞു.ഇതോടെ, ശശി കോൺഗ്രസിൽ ചേരുമെന്ന ചർച്ച സജീവമായി.

ഡി.വൈ.എഫ്.ഐ സ്വതന്ത്ര സംഘടനയാണെന്നും അതിലെ ആരെങ്കിലും നടത്തുന്ന അഭിപ്രായങ്ങൾക്ക് സി.പി.എം മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് സുരേഷ് ബാബുവിന്റെ പ്രതികരണം. അതേസമയം ,താൻ പാർട്ടിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും അങ്ങനെ വരുത്താനുള്ള ബോധപൂ‌ർവമായ ശ്രമം നടക്കുന്നുണ്ടെന്നുമാണ് പി.കെ.ശശി പ്രതികരിച്ചത്.