യന്ത്ര 'ചികിത്സ" ഇനി ഈസി,​ തരംഗമാകാൻ വൈറ്റൽവ്യൂ സ്റ്റാർട്ടപ്പ്

Monday 14 July 2025 12:00 AM IST

തിരുവനന്തപുരം: കമ്പ്യൂട്ടറും ക്ലോക്കും വാച്ചുമടക്കമുള്ള യന്ത്രങ്ങളുടെ തകരാർ നിർമ്മിത ബുദ്ധിയിലൂടെ കണ്ടെത്തി പരിഹരിക്കുന്ന സംവിധാനവുമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ടപ്പ്. 'സെൽഫ് ഹീലിംഗ് അഡാപ്റ്റീവ് ഏജന്റ്" സോഫ്റ്റ്‌വെയറാണ് ഇതിനായി വൈറ്റൽവ്യൂ വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തം.

ഉപകരണങ്ങളിലെ തകരാർ കാരണം 1.5 ട്രില്യൺ ഡോളറാണ് പ്രതിവർഷം ലോകത്തിന് നഷ്ടമാകുന്നത്. 2030ഓടെ ഇതു ലഘൂകരിക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റൽവ്യൂവിന്റെ സ്ഥാപക സി.ഇ.ഒ അമൽ പറയുന്നു. യന്ത്രത്തിന്റെ വേഗത കുറയുമ്പോഴോ പ്രവർത്തനം നിലയ്‌ക്കുമ്പോഴോ ആണ് എൻജിനിയർ കുഴപ്പങ്ങളറിയുന്നത്.

എന്നാൽ 'സെൽഫ് ഹീലിംഗ് അഡാപ്റ്റീവ് ഏജന്റ്" ഇൻസ്റ്റാൾ ചെയ്താൽ പരിഹാര വഴികൾ യന്ത്രം സ്വയം തെരയും. താപനില കൂട്ടാനും കുറയ്‌ക്കാനും ശ്രമിക്കും. പ്രശ്നം ഗുരുതരമെങ്കിൽ എൻജിനിയർക്ക് മുന്നറിയിപ്പ് നൽകും. ഭാവിയിൽ തകരാർ വരാതിരിക്കാൻ മുൻകരുതലുമെടുക്കും.

കെ.എസ്.ഇ.ബിയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ട്രാൻസ്‌ഫോമറുകളിലെ തകരാർ പരിഹരിക്കാൻ സംവിധാനം ഉപയോഗിക്കാൻ ചർച്ചകൾ നടക്കുകയാണ്. 2024ലാണ് അമൽ വൈറ്റൽവ്യൂ ആരംഭിച്ചത്. കഴിഞ്ഞാഴ്ച പ്രമുഖ സോഫ്റ്റ്‌‌വെയർ കമ്പനിയായ സ്‌പെറിഡിയൻ ടെക്നോളജീസ് ടെക്നോപാർക്കിൽ സംഘടിപ്പിച്ച എ.ഐ ഹാക്കത്തോണിൽ അവതരിപ്പിച്ച 'സെൽഫ് ഹീലിംഗ് അഡാപ്റ്റീവ് ഏജന്റ്" സോഫ്റ്റ്‌വെയറിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. രണ്ടു ലക്ഷമായിരുന്നു സമ്മാനത്തുക. അമലിനൊപ്പം സീനിയർ എ.ഐ എൻജിനിയർ അശ്വിൻ, മരിയൻ എൻജിനിയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥി അഭിജിത്ത് എന്നിവരും മത്സരത്തിൽ പങ്കെടുത്തിരുന്നു.

സ്വകാര്യത സംരക്ഷിക്കും

 ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ്ബോട്ടുകൾക്ക് പ്രശ്നങ്ങൾ കണ്ടെത്താൻ ഇന്റർനെറ്റ് വേണം

 സെൽഫ് ഹീലിംഗ് സോഫ്റ്റ്‌വെയറിന് പ്രവർത്തിക്കാൻ വൈദ്യുതിയും ഇന്റർനെറ്റും വേണ്ട

 പ്രതിരോധ-ബഹിരാകാശ മേഖലയിലടക്കം സംവിധാനം പ്രയോജനപ്പെടുത്താം

 യന്ത്രങ്ങളിലെ വിവരങ്ങൾ തേർഡ്-പാർട്ടി സെർവറുകൾക്ക് കൈമാറില്ല