( കഥയും കാഴ്ചയും) പലതരം പ്രതിമകൾ, പലതരം മനുഷ്യർ
ഒരു ബുദ്ധനെ വാങ്ങി. നഗരത്തിലെ വ്യാപാര മേളയിൽ പോയതാണ്.
പ്ളാസ്റ്റർ ഒഫ് പാരീസ് പ്രതിമകൾ വിൽക്കുന്ന സ്റ്റാളിൽ പലതരം ദൈവങ്ങളുടെ പ്രതിമകൾ. കൂട്ടത്തിൽ ബുദ്ധന്റെ തല. ഉടലോടെയുള്ള ബുദ്ധൻ വേറെ. ചായം തേച്ചുമിനുക്കിയ ദൈവങ്ങൾക്കിടയിൽ നരകത്തിൽ നിന്നിറങ്ങി വന്നതുപോലെ ആന്ധ്രക്കാരനായ വില്പനക്കാരൻ.
ഉടലുള്ള ബുദ്ധനെ ചൂണ്ടി ഞാൻ ചോദിച്ചു- " കിത്തനാ?"
നരകവാസി പറഞ്ഞു- " ഫൈവ് ഹണ്ട്രഡ് "
ഞാൻ പറഞ്ഞു- "ത്രീ ഹണ്ട്രഡ്."
ബുദ്ധനെ ചൊല്ലി ഞങ്ങൾ തർക്കമായി. ഒടുവിൽ ബുദ്ധൻ തോറ്റു. ഞാൻ ജയിച്ചു. ബുദ്ധനുമായി നടന്നു.
"എത്രകൊടുത്തു.?"- ഒരാൾ ചോദിച്ചു.
"മുന്നൂറ് "- ഞാൻ
"നൂറുരൂപയ്ക്ക് കിട്ടിയേനെ "- അയാൾ പറഞ്ഞു.
ബുദ്ധന് തീരെവിലയില്ല. ബുദ്ധന് മാത്രമല്ല, പ്രതിമയായിക്കഴിഞ്ഞാൽ ആർക്കും വിലയില്ല. കിളികൾ വളഞ്ഞുവച്ച് കാഷ്ഠിക്കും. മഴയും വെയിലുംകൊണ്ട് മരിച്ചുനിൽക്കണം.വണ്ടിയിടിച്ച് വക്കൊടിഞ്ഞേക്കും.
ഒരു തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുമ്പോൾ പത്തനംതിട്ട ഗാന്ധി സ്ക്വയറിലെ ഗാന്ധിപ്രതിമയുടെ കൈ തല്ലിയൊടിക്കപ്പെട്ടത് ഓർക്കുന്നു. ഒടിഞ്ഞ കൈയുമായി ആറുമാസം ഗാന്ധി നിന്ന നിൽപിൽ നിന്നു. ഗാന്ധിക്ക് നൊന്തില്ല. അതുകണ്ട നാട്ടുകാർക്കും നൊന്തില്ല. പ്രതിമകൾ ഭാഗ്യദോഷികളാണ്.
ഭാര്യയെയും മക്കളെയും വിളിച്ചുകൂട്ടി ഞാൻ പറഞ്ഞു- " മരിച്ചു കഴിയുമ്പോൾ എന്റെ പ്രതിമ സ്ഥാപിക്കരുത്. എനിക്കുവയ്യ നരകിക്കാൻ"
"നിങ്ങൾക്ക് ഭ്രാന്താണ് "- ഭാര്യ ദേഷ്യപ്പെട്ടു.
എല്ലാ മഹാൻമാരെക്കുറിച്ചും ജീവിച്ചിരിക്കുമ്പോൾ ആളുകൾ പറയുന്നത് അവർക്ക് ഭ്രാന്താണെന്നാണ്. മരിച്ചുകഴിയുമ്പോൾ ആ ഭ്രാന്തൻമാരുടെ പ്രതിമ സ്ഥാപിക്കുന്നു. വല്ലാത്ത ലോകമാണിത്. പ്രതിമകൾ ഓർമ്മപ്പെടുത്തലാണ്. നാടിനെ , മനുഷ്യരെ, പ്രകൃതിയെ, കാലത്തെ നയിച്ചവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. പക്ഷേ പ്രതിമകളെ നമ്മൾ വെറും കാഴ്ചവസ്തുക്കളാക്കുന്നു.