എണ്ണ വില 500 കടന്നേക്കും: തെങ്ങ് കൃഷി താഴേക്ക്, തേങ്ങ വില മുകളിലേക്ക്
# കൊപ്ര ഇറക്കുമതി വേണ്ടിവന്നേക്കും
തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ.ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.
കഴിഞ്ഞവർഷം ജൂലായിൽ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്‌ക്ക് 32 രൂപയുമായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്‌ക്ക് 78-85 രൂപയുമായി. പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തിയതോടെ ഇവയുടെ വില ഉയർന്നു. പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില വർദ്ധിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം തമിഴ്നാട്ടിൽനിന്നുള്ള തേങ്ങ വരവ് കുറഞ്ഞതും പ്രഹരമായി. കേരളത്തിൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
തെങ്ങിൻതോപ്പ് ഇല്ലാതായി
കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണവും കൂമ്പുചീയൽ. കാറ്റുവീഴ്ച തുടങ്ങിയ രോഗങ്ങളും കാരണം തെങ്ങുകൾക്ക് വ്യാപക നാശം. കാലാവസ്ഥാവ്യതിയാനം കാരണം 20 ശതമാനംവരെ ഉല്പാദനം കുറഞ്ഞു
വെളിച്ചെണ്ണയിൽ മായം
രണ്ടാംതരം കൊപ്ര ശേഖരിച്ച് രാസപദാർഥങ്ങൾ ചേർത്ത് നിർമ്മിക്കുന്ന വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു.പാരഫിൻ ഓയിൽ ഉൾപ്പെടെയുള്ളവ കലർത്തിയ ബ്രാൻഡുകളും വിപണിയിൽ പിണ്ണാക്കിൽ നിന്നു വീണ്ടും എണ്ണ ഉത്പാദിപ്പിച്ച് നല്ല വെളിച്ചെണ്ണയിൽ ചേർത്തും വില്‍ക്കുന്നു . രാസപദാർത്ഥങ്ങൾ ചേർത്തു ശുദ്ധീകരിക്കുന്നത് ഭക്ഷ്യയോഗ്യമല്ല. മിനറൽ ഓയിൽ, സൺഫ്ളവർ ഓയിൽ ,കോട്ടൺ സീഡ് ഓയിൽ എന്നിവ കലർത്തുന്നു .
കൃഷി കേരളത്തിലും വിളവ് മറുനാട്ടിലും
1.കേരളം നാളികേര കൃഷി - 7,65,840 ഹെക്ടർ വാർഷിക ഉത്പാദനം - 5,522.71 ദശലക്ഷം ഉത്പാദനക്ഷമത 7,211/ ഹെക്ടർ
2. തമിഴ്നാട് കൃഷി - 4,92,610 ഹെക്ടർ ഉല്പാദനം - 6,091.98 ദശലക്ഷം ഉല്പാദന ക്ഷമത - 12,367/ ഹെക്ടർ
3.ആന്ധ്രപ്രദേശ് കൃഷി - 1,07,370 ഹെക്ടർ ഉല്പാദനം - 1,707.08 ദശലക്ഷം ഉല്പാദന ക്ഷമത -15,899/ ഹെക്ടർ
4. ഒഡീഷ കൃഷി - 54,950 ഹെക്ടർ ഉല്പാദനം -399.43 ദശലക്ഷം ഉല്പാദന ക്ഷമത -7,269/ ഹെക്ടർ
ഉല്പാദന ക്ഷമതയിൽ കേരളം താഴേക്ക്
വർഷം ----------------ഉല്പാദന ക്ഷമത/ ഹെക്ടർ 2017 -18 ----------------- 10,472 2018-19 ------------------- 10,097 2019-20 -------------------- 9,175 2020 -21 -------------------9,030 2021 -22 ------------------- 7,215 2022 -23 -------------------7,402 2023 -24 --------------------7,211