ആഭ്യന്തര റബർ വിപണിയ്ക്ക് ചൂടുപിടിക്കുന്നു
കോട്ടയം: തോരാമഴയിൽ ഉത്പാദനം കുറഞ്ഞതിനൊപ്പം ഉപഭോഗവും കൂടിയതോടെ റബർ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. രാജ്യാന്തര വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തിയെങ്കിലും ആഭ്യന്തര വില 210 രൂപയിലേക്ക് നീങ്ങുകയാണ്.
റബർ ബോർഡ് വില ആർ.എസ് എസ് ഫോർ 207 രൂപയും വ്യാപാരി വില 199 രൂപയിലുമെത്തി. ടയർ കമ്പനികൾക്കായി ഉയർന്ന വില നൽകിയാണ് വ്യവസായികൾ ഷീറ്റ് വാങ്ങുന്നത്. ലാറ്റക്സ്, ഒട്ടുപാൽ വിലയും ഉയർന്നു. ഷീറ്റിനും ലാറ്റക്സിനും ക്ഷാമം തുടരുന്നതിനാൽ വില ഇനിയും കൂടിയേക്കും.
കുരുമുളക് വിലയും കുതിക്കുന്നു
മഴയും കാറ്റും ശക്തമായതോടെ കുരുമുളക് ഉത്പാദനം ഇടിഞ്ഞു. തിരിയിട്ടു തുടങ്ങിയ കുരുമുളക് വള്ളികൾ നിലം പൊത്തിയതോടെ വലിയ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഡിമാൻഡ് കൂടിയതോടെ കുരുമുളക് വില കിലോയ്ക്ക് ആറ് രൂപ വർദ്ധിച്ചു. രണ്ടാഴ്ചക്കുള്ളിൽ 12 രൂപയുടെ വർദ്ധന. ഉത്തരേന്ത്യയിൽ പൂജ, ദീപാവലി ഉത്സവ സീസൺ അടുത്തതോടെ വില കയറുമെന്ന പ്രതീക്ഷയിൽ കർഷകർ ചരക്ക് വിൽക്കാൻ മടിക്കുകയാണ്.
കയറ്റുമതി വില ടണ്ണിന്
ഇന്ത്യ 8300 ഡോളർ
ശ്രീലങ്ക 7400 ഡോളർ
വിയറ്റ്നാം - 6500 ഡോളർ
ഇന്തോനേഷ്യ- 6800 ഡോളർ
ബ്രസീൽ -5950 ഡോളർ