അവസാന ദിനം തീപാറും, ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ എന്തും സംഭവിക്കാം

Sunday 13 July 2025 11:10 PM IST

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്. അവസാന ദിവസം ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യക്ക് വിജയിക്കാന്‍ 135 റണ്‍സ് കൂടി വേണം. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ (0), കരുണ്‍ നായര്‍ (14), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (ആറ്), നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 33 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ ക്രീസില്‍ നില്‍ക്കുകയാണ്.

ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ യശസ്വി ജയ്‌സ്‌വാള്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങി. കരുണ്‍ നായര്‍ - കെഎല്‍ രാഹുല്‍ സഖ്യം 36 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അപകടമില്ലാതെ നാലാം ദിനം അവസാനിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കാഴ്‌സ് ഇന്ത്യയെ ഞെട്ടിച്ചു. സ്‌കോര്‍ 53ന് മൂന്ന്. ആകാശ് ദീപിന്റെ വിക്കറ്റ് നഷ്ടമായതോടെ നാലം ദിവത്തെ കളി അവസാനിക്കുകയായിരുന്നു.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 192 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് (12) ആണ് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 22ല്‍ നില്‍ക്കെ സിറാജിന്റെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഡക്കറ്റ് മടങ്ങിയത്.

നാല് റണ്‍സ് മാത്രം നേടിയ ഒലി പോപ്പിന്റെ ഊഴമായിരുന്നു അടുത്ത്. കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ക്ക് കാരണക്കാരനായ സാക് ക്രൗളി ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ നന്നായി ബുദ്ധിമുട്ടി. 22 റണ്‍സ് നേടിയ താരത്തെ നിധീഷ് റെഡ്ഡി പുറത്താക്കുകയായിരുന്നു. ഹാരി ബ്രൂക്ക് (23) കൂടി പുറത്തായതോടെ ഇംഗ്ലണ്ട് 87ന് നാല് എന്ന നിലയിലേക്ക് വീണു.ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ജോ റൂട്ട് (40), അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തി. 67 റണ്‍സാണ് ഈ സഖ്യം നേടിയത്.

വാഷിംഗ്ടണ്‍ സുന്ദറിനെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ റൂട്ട് ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിനെയും (8) മടക്കി സുന്ദര്‍ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 175ന് ആറ് എന്ന നിലയില്‍ ഇംഗ്ലണ്ട് ചായക്ക് പിരിഞ്ഞു. അവസാന സെഷനില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ നായകന്‍ സ്റ്റോക്സ് (33) സുന്ദറിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ബ്രൈഡന്‍ കാഴ്സിനേയും (ഒന്ന്) ക്രിസ് വോക്സിനേയും (10) ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇംഗ്ലണ്ട് 185ന് ഒമ്പത് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. അവസാന ബാറ്റര്‍ ഷൊയ്ബ് ബഷീറിനെ (രണ്ട്) വാഷിംഗ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലീഷ് ഇന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു.