ആശുപത്രി പരിസരത്തെ മരച്ചില്ല വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Monday 14 July 2025 1:33 AM IST

കൊല്ലം: മകളുട‌െ ചി​കി​ത്സാർത്ഥം ആശുപത്രിയി​ൽ കഴി​യവേ, പുറത്തേക്കി​റങ്ങി​യപ്പോൾ പരി​സരത്തെ മരക്കൊമ്പ് ഒടി​ഞ്ഞു വീണ് ഗുരുതര പരി​ക്കേറ്റ് ചി​കി​ത്സയി​ലായി​രുന്ന ഗൃഹനാഥൻ മരി​ച്ചു. പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിനു സമീപം സുനിൽ ഭവനിൽ എസ്.കെ.സുനിലാണ് (46) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി​ ട്രോമാകെയർ ഐ.സി.യുവിൽ കഴിയവേ ഇന്നലെ ഉച്ചയോടെയാണ് മരണം.

കഴി​ഞ്ഞ മേയ് 23ന് രാത്രി മകളെ എസ്.എ.ടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം പുറത്തേക്കിറങ്ങിയപ്പോഴായി​രുന്നു അപകടം. റോഡിന്റെ മറുവശത്ത് പാർക്ക് ചെയ്തി​രുന്ന കാറിലേക്ക് പോകുമ്പോൾ ശക്തമായ മഴയിലും കാറ്റിലും മെഡി. ആശുപത്രി ക്യാംപസിലെ മരച്ചില്ല സുനിലിന്റെ തലയിലും കഴുത്തിലുമായി പതിക്കുകയായിരുന്നു. ഗുരുതരമായി പരി​ക്കേറ്റ സുനിൽ മെഡി. ആശുപത്രി​ അത്യാഹി​ത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇളയ മകൾ ദക്ഷിണയെ വയറു വേദനയെ തുടർന്നാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. മഴ കാരണം എസ്എ.ടി ആശുപത്രിയുടെ മുൻവശത്ത് നിന്ന സുനിലിനെ സുരക്ഷാ ജീവനക്കാർ പുറത്തേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പ്രവാസിയായിരുന്ന സുനിൽ മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സൂര്യ. ധന സുനിലാണ് മൂത്ത മകൾ.