ആത്മീയ അടിത്തറയിലൂടെ ജീവിതവിജയം നേടണം: സ്വാമി സച്ചിദാനന്ദ

Monday 14 July 2025 1:36 AM IST

ശിവഗിരി: ആത്മീയ അടിത്തറയിൽ കുടുബ ജീവിതം വാർത്തെടുത്താലേ വിജയം നേടാൻ കഴിയൂവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗത്തിന്റെയും ധ്യാനത്തിന്റെയും രണ്ടാം ദിനമായ ഇന്നലെ ഗുരുദർശനത്തിന്റെ താത്വിക വിചാരവും ചരിത്രത്തിലെ വിവാദങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ തത്വദർശനത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ സമഗ്രമായ പുരോഗതിയാണ്. ഈ പുരോഗതിക്ക് അടിസ്ഥാനം ആത്മീയമായ സാധനാനുഷ്ഠാനങ്ങളാണ്. ഗുരുദേവൻ രചിച്ച കൃതികളിലൂടെയും ഗുരുവിന്റെ 73 വർഷത്തെ ജീവിതത്തിലൂടെയും ഈ തത്വമാണ് പ്രകാശിപ്പിച്ചത്.ഇതിന്റെ ചുവടു പിടിച്ചാണ് ശിവഗിരിയിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ദിവ്യസത്സംഗവും ധ്യാനവും സംഘടിപ്പിച്ചിട്ടുള്ളത്.

ഗുരുവിന്റെ കൃതികളെ ഗുരുവിന്റെ ജീവിതവുമായി ചേർത്തു വച്ചുള്ള പഠനത്തിലൂടെ ഗുരുസ്വരൂപത്തെ അവധാവനം ചെയ്യാം. ഒപ്പം ഗുരുദേവൻ ഉപദേശിച്ചിട്ടുള്ള സാധനാമാർഗ്ഗങ്ങൾ ഉപദേശിച്ചു കൊടുക്കുകയും ചെയ്യുന്നു. ജപം, ധ്യാനം, ധർമ്മ പ്രബോധനം, മംഗളാരതി എന്നിവയാണ് മുഖ്യമായ ചടങ്ങുകൾ. ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉരുവിട്ട് അഞ്ച് ഹോമകുണ്ഡങ്ങളിലായി ശാരദാ മഠത്തിൽ വച്ച് ശാന്തി ഹവന യജ്ഞം നടന്നു. നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് മഹാസമാധിയിലേക്ക് നാമസങ്കീർത്തന യാത്ര നടത്തി.

. ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിലാണ് ദിവ്യസത്സംഗവും ധ്യാനവും നടന്നത്. സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, അസി.രജിസ്ട്രാർ പുത്തൂർ ശോഭനൻ, കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല ,കേന്ദ്ര എക്സി. അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, പി.ആർ.ഒ ഡോ.സനൽകുമാർ , മാതൃസഭ പ്രസിഡന്റ് ഡോ.അനിത ശങ്കർ , സെക്രട്ടറി ശ്രീജാ ഷാജികുമാർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, കായംകുളം വിമല, കോഹിനൂർ തുടങ്ങിയവർ പങ്കെടുത്തു.