'എന്താവശ്യത്തിനും വിളിക്കാം, കൊല്ലത്ത് കാണാം": സഫ്രാരിസിനെ തേടി വി.ഡി. സതീശന്റെ വിളിയെത്തി
കൊല്ലം: പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങി ചേട്ടനെ പഠിപ്പിച്ച് ജെ.ആർ.എഫ് എടുപ്പിച്ച പത്തനാപുരം മലശ്ശേരി പടിഞ്ഞാറ്റേതിൽ വീട്ടിൽ സഫ്രാരിസിനെ വിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഫ്രാരിസിന്റെ ചേട്ടൻ അഫ്രാരിസിന്റെ ഫോണിലാണ് വിളിയെത്തിയത്. ജോലി സംബന്ധമായി സഫ്രാരിസ് തിരുനെൽവേലിയിൽ ആയിരുന്നു. അതിനാൽ സഫ്രാരിസൊഴികെ മറ്റെല്ലാവരോടും പ്രതിപക്ഷ നേതാവ് സംസാരിച്ചു.
'ഒരുപാട് സന്തോഷം തോന്നി വാർത്ത കണ്ടപ്പോൾ. എല്ലാവർക്കും മാതൃകയാണ്. ചേട്ടനെ പഠിപ്പിക്കാൻ സ്വന്തം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുക, ചേട്ടൻ ജെ.ആർ.എഫ് നേടി അനിയന്റെ അധ്വാനത്തോട് നീതി പുലർത്തുക. ഒരു വ്യത്യസ്ത അനുഭവമാണ് നിങ്ങളുടെ കഥ. എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും വിളിക്കാം. കൊല്ലത്തെത്തുമ്പോൾ നേരിൽ കാണാം" സഫ്രാരിസിന്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി. അപ്രതീക്ഷിത വിളിയിൽ അതീവ സന്തോഷത്തിലാണ് കുടുംബം.
'കൂലിപ്പണിയെടുത്ത് ജ്യേഷ്ഠനെ ജെ.ആർ.എഫ് ജേതാവാക്കി’’ എന്ന തലക്കെട്ടിൽ കഴിഞ്ഞ 12ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വിളിച്ചത്.
പ്രതിപക്ഷ നേതാവിന്റെ വിളി എത്തിയപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷമായി. അനിയനെയാണ് ആദ്യം തിരക്കിയത്.
അഫ്രാരിസ്