'സൗപർണിക' ക്ഷോഭിച്ചൊഴുകുന്നു ഭക്തർക്ക് ഇറങ്ങാനുള്ള കവാടം അടച്ചു
കൊല്ലൂർ(കർണാടക): കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്ന സൗപർണിക നദിയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ദേവസ്വം അധികൃതർ ഭക്തർക്ക് ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി. നദിയിലേക്ക് ഇറങ്ങുന്ന കവാടം അടച്ചുപൂട്ടി അപായ ബോർഡ് വച്ചിരിക്കുകയാണ്.
ദക്ഷിണ കർണാടകയിലും കൊല്ലൂരിലും പരിസരങ്ങളിലും ദിവസങ്ങളായി മഴ കനത്തതോടെയാണ് നദിയിൽ ജലനിരപ്പ് ഉയർന്നത്.
മൂകാംബിക ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഇവിടെ ഇറങ്ങി കുളിക്കുന്നത് പതിവാണ്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ സൗപർണികയുടെ മനോഹര കാഴ്ച ആസ്വദിച്ച് മടങ്ങുകയാണ് ഭക്തർ.
ഐതിഹ്യം
കർണ്ണാടകയിലെ അംബാവനത്തിൽപ്പെടുന്ന കുടജാദ്രി കുന്നുകളിൽ നിന്നാണ് സൗപർണികയുടെ ഉത്ഭവം. കുടജാദ്രിയിലെ ഗണപതി ഗുഹയിൽ ദീർഘകാലമായി തപസ്സ് ചെയ്യുകയായിരുന്ന മൂകാസുരന്റെ മുൻപിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് തന്റെ കമണ്ഠലുവിലെ ജലം തളിച്ച് ഉണർത്തുകയും ജലം കുടിക്കാൻ നൽകുകയും ചെയ്തു. കുടിച്ച ജലത്തിന്റെ ബാക്കി മൂകാസുരൻ നിലത്തൊഴിച്ചെന്നും അതിൽ നിന്നാണ് നദി ഉത്ഭവിച്ചതെന്നും ഐതിഹ്യമുണ്ട്. ഗരുഡൻ തന്റെ മാതാവായ വിനതയുടെ സങ്കട മോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തെന്നും സുപർണൻ എന്നറിയപ്പെടുന്ന ഗരുഡൻ തപസ് ചെയ്തതിനാൽ സൗപർണിക എന്ന പേര് ലഭിച്ചെന്നും പറയപ്പെടുന്നു.