കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

Monday 14 July 2025 12:31 AM IST
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജ്യോതിഷ് ബാബു

കൊല്ലം: ജോലി കഴിഞ്ഞ് രാത്രിയിൽ ബൈക്കിൽ വീട്ടിലേയ്ക്ക് പോകുമ്പോൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ തിങ്കൾകരിക്കം ചെറുകര റോ‌ഡിൽ അനിഴത്തിൽ ജ്യോതിഷ് ബാബുവിനാണ് (36) പരിക്കേറ്റത്. 12ന് രാത്രി 9.30 ഓടെ മലയോര ഹൈവേ കുളത്തൂപ്പുഴ-അഞ്ചൽ പാതയിൽ തിങ്കൾകരിക്കത്തായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.

ഇടിയുടെ ആഘാതത്തിൽ ജ്യോതിഷ് റോഡിലേക്ക് തെറിച്ചുവീണു. ഇടത് കൈ ഒടിയുകയും തലയിലും മുഖത്തും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാല് പല്ലുകൾ പൂർണമായും ഇളകി. ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ ഇതുവഴിയെത്തിയ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേർന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യയുടെ നിർദ്ദേശപ്രകാരം കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സാ ധനസഹായത്തിന് നടപടി സ്വീകരിച്ചു.