വാളയാറിൽ രേഖകളില്ലാതെ കടത്തിയ 48 ലക്ഷം പിടികൂടി
പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 48 ലക്ഷം രൂപ പിടികൂടി. ശനിയാഴ്ച രാത്രി വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്ലീപ്പർ എയർ ബസിലെ യാത്രക്കാരൻ മഹാരാഷ്ട്ര സ്വദേശി ഗണേഷ് അശോക് ജാദവിനെ(30) പൊലീസ് പിടികൂടിയത്. 500 രൂപയുടെ 96 കെട്ടുകളായാണ് പണം പിടികൂടിയത്. പണത്തിന്റെ ഉറവിടമോ കൊണ്ടു പോകുന്ന കാരണമോ വ്യക്തമാക്കാത്തതിനാൽ പണം നിയമാനുസരണം പിടിച്ചെടുത്തു. പണവും പ്രതിയേയും പാലക്കാട് അസി. ഡയറക്ടർ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ) ഡിപ്പാർട്ട്‌മെന്റിനു കൈമാറി. പണം കൊട്ടാരക്കര ഭാഗത്തേക്ക് കൊണ്ടുപോകുന്നുവെന്നും ആർക്ക് കൈ മാറണമെന്നുള്ളത് കൊട്ടാരക്കര എത്തിയാൽ മാത്രമേ അറിയാൻ കഴിയുവെന്നുമാണ് പ്രതി പറഞ്ഞത്. വാളയാർ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.പ്രശാന്ത്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.പ്രഭ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി.രാജേഷ്, പി.എസ്.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.