അഫ്ഗാൻ കുഞ്ഞുങ്ങൾക്ക് വിരുന്നൊരുക്കി മന്ത്രി വി.ശിവൻകുട്ടി

Monday 14 July 2025 1:12 AM IST

തിരുവനന്തപുരം:അഫ്‌ഗാനിസ്ഥാനി കുഞ്ഞുങ്ങൾക്ക് ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വിരുന്നൊരുക്കി മന്ത്രി വി.ശിവൻകുട്ടി.കഴിഞ്ഞദിവസം ശ്രീകാര്യം ഗവൺമെന്റ് ഹൈസ്‌കൂളിൽ എത്തിയപ്പോഴാണ് കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്.ആറാംക്ലാസിൽ പഠിക്കുന്ന മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്.തുടർന്ന് മന്ത്രി ഇവരെ കുടുംബസമേതം പ്രഭാതഭക്ഷണത്തിനായി റോസ്ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നു.കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്‌മെന്റിൽ റിസൾച്ച് സ്‌കോളറാണ് കുട്ടികളുടെ പിതാവ് ഷഫീഖ് റഹീമി.ഇന്നലെ രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന റഹീമി എന്നിവരോടൊപ്പമാണ് അഞ്ച് കുട്ടികൾ റോസ് ഹൗസിലെത്തിയത്.ഇവരെ മന്ത്രിയും ഭാര്യ ആർ.പാർവതീദേവിയും ചേർന്ന് സ്വീകരിച്ചു.കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.ലിഫ്റ്റും എസിയും ഉള്ള സ്‌കൂൾ അടിപൊളിയാണെന്ന് കുട്ടികൾ മന്ത്രിയോട് പറഞ്ഞു.തുടർന്ന് മന്ത്രിക്കൊപ്പംപ്രഭാതഭക്ഷണം കഴിച്ചു.അഞ്ചുവയസ്സുള്ള അഹമ്മദ് മഹിൻ റഹീമി, മൂന്നര വയസ്സുള്ള മഹ്‌നാസ് റഹിമി എന്നിവരെ കൂടി പ്രീ സ്‌കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണ് അഫ്ഗാൻ ദമ്പതികൾ. പ്ളസ് വൺ വിദ്യാർത്ഥിയായ ഷഫീഖ് റഹീമി എന്ന ആൺകുട്ടി ഉൾപ്പെടെ ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്.