വിഴിഞ്ഞത്ത് വല വലിക്കാൻ 'യന്തിരൻ' എത്തി, പ്രത്യേകതകൾ ഇവയാണ്
വിഴിഞ്ഞം: കടലിൽ വീശിയ കൂറ്റൻ മീൻ വല അനായാസം മെഷീൻ വലിച്ചു കയറ്റിയപ്പോൾ മത്സ്യ തൊഴിലാളികൾക്ക് ആകാംക്ഷ. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്താണ് വിഞ്ച് ഘടിപ്പിച്ച ആദ്യ ബോട്ട് എത്തിയത്.
ട്രോളർ ബോട്ടുകളിൽ ഉൾപ്പെടെ മറ്റ് ജില്ലക്കാർ ഉപയോഗിക്കുന്ന ഉപകരണമായ വിഞ്ച് ഘടിപ്പിച്ച ആദ്യ വള്ളമാണ് ഇപ്പോൾ വിഴിഞ്ഞത്തും എത്തിയത്.വിഴിഞ്ഞം സ്വദേശി വിൽസണാണ് തമിഴ്നാട്ടിൽ നിന്ന് ഈ വള്ളം വാങ്ങിയത്.പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന വിഴിഞ്ഞത്ത് സാധാരണയായി ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല. ആദ്യമായി ഈ ഉപകരണം ഉപയോഗിച്ച് വല അനായാസം വലിച്ചു കയറ്റാനാകും. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ വേഗത ഗിയർ ഉപയോഗിച്ച് നിയന്ത്രിക്കാനാകും. ഏത് ദിശയിലേക്കും തിരിക്കാനാകുമെന്നതിനാൽ കാറ്റിനെ പേടിക്കേണ്ടതില്ല. ഇതിന്റെ ഉപയോഗത്തോടെ മത്സ്യ ചെറു ബോട്ടുകളിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സമയ ലാഭവുമുണ്ടാകും. ഒപ്പം അപകടസാദ്ധ്യതയും കുറയുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.