റോസാപ്പൂവ് വിൽക്കാനെത്തിയ കുട്ടിയെ ഓട്ടോ ഡ്രൈവർ തല്ലിച്ചതച്ചു; പൊട്ടിക്കരഞ്ഞ് പെൺകുട്ടി

Monday 14 July 2025 10:51 AM IST

റോഡരുകിൽ നിന്ന് കരയുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോസാപ്പൂവ് വിറ്റതിന് ഒരു ഓട്ടോ ഡ്രൈവർ തല്ലിച്ചതച്ചതിൽ മനംനൊന്താണ് പെൺകുട്ടി കരയുന്നത്.'റൈഡ് വിത്ത് ശിഖർ' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് കരയുന്ന പെൺകുട്ടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കണ്ടന്റ് ക്രീയേറ്ററായ ശിഖർ പങ്കുവച്ച വീഡിയോ ഇതുവരെ 4.2 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. ഓട്ടോറിക്ഷ കടന്നുപോയതിന് ശേഷം, റോഡിലെ ഡിവൈഡറിൽ ഇരുന്ന് കൊച്ചു പെൺകുട്ടി കരയുന്നതാണ് വീഡിയോയുടെ തുടക്കം. അതുവഴി പോകുകയായിരുന്ന ശിഖർ അവളെ കണ്ട് വണ്ടി നിർത്തി. ആരെങ്കിലും ഇടിച്ചോ എന്ന് ചോദിച്ചു.

പെൺകുട്ടി ഒന്നും മിണ്ടാതെ കരച്ചിൽ തുടർന്നു. ആ കാഴ്ച കണ്ട് വികാരഭരിതയായ ശിഖർ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സുഖമാണോ എന്ന് അയാൾ ചോദിച്ചു, റോസാപ്പൂക്കൾ താൻ വാങ്ങാമെന്ന് പറഞ്ഞ് പണം നൽകിയെങ്കിലും പെൺകുട്ടി അത് വാങ്ങിയില്ല.

'യാത്രക്കാരന് റോസാപ്പൂക്കൽ വിൽക്കാനായി ഓട്ടോയ്ക്ക് പിന്നാലെ ഓടിയ കൊച്ചുപെൺകുട്ടിയെ ഡ്രൈവർ അടിച്ചു'- എന്ന അടിക്കുറിപ്പോടെയാണ് ശിഖർ വീഡിയോ പങ്കുവച്ചത്. വാഹനങ്ങളുടെ പിന്നാലെ ഓടരുതെന്ന് ശിഖർ പെൺകുട്ടിയോട് പറയുന്നതും വീഡിയോയിലുണ്ട്. ഇങ്ങനെയുള്ള ആളുകളോട് കൂടുതൽ അനുകമ്പ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ ഓട്ടോ ഡ്രൈവർക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്. ഡ്രൈവർക്കെതിരെ കേസെടുക്കണമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.