'ചെന്നൈക്കാരുടെ സ്വന്തം അക്ക, പ്രതിസന്ധികളിൽ തളരാതെയുളള ജീവിതം'; സെലിബ്രിറ്റി ഫെയിം ഉപേക്ഷിച്ച കവിത പറയുന്നു
സിനിമയിലും സീരിയലുകളിലും മുഖം കാണിച്ച് പേരെടുക്കാൻ കൊതിക്കുന്ന ഒട്ടനവധിയാളുകളുണ്ട്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ സെലിബ്രിറ്റികൾ അവരുടെ വേഷവും പെരുമാറ്റവും ആരാധകർക്ക് മുൻപിൽ കാത്തുസൂക്ഷിക്കാൻ പാടുപെടുകയാണ്. അക്കൂട്ടത്തിൽ വേറിട്ട കാഴ്ചപ്പാടുകളുമായി ജീവിക്കുന്ന ഒരു അഭിനേത്രിയുണ്ട്. കവിതാ ലക്ഷ്മിയെന്ന് പറഞ്ഞാൽ പെട്ടെന്ന് ആ മുഖം മനസിൽ വരണമെന്നില്ല. സ്ത്രീധനം എന്ന ഹിറ്റ് സീരിയലിലെ ചാള മേരിയുടെ മരുമകൾ എന്നുപറഞ്ഞാൽ ആരാധകർക്ക് മനസിലാകും. ഒരുകാലത്ത് മലയാളികളുടെ ഇഷ്ട സീരിയലുകളിൽ സജീവമായിരുന്ന കവിതാ ലക്ഷ്മി ഇപ്പോൾ എവിടെയാണെന്നറിയാമോ?
ഇൻസ്റ്റഗ്രാമിൽ സജീവമായ കവിത ഇപ്പോൾ ചെന്നൈ നിവാസികളുടെ പ്രിയപ്പെട്ട അക്കയാണ്. ചെന്നൈയിലെ ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ കീഴിൽ പ്രവർത്തിക്കുകയാണ്. വിശന്നിരിക്കുന്നവരുടെ അരികിലേക്ക് ഒരു ചെറുചിരിയുമാണ് കവിത ഭക്ഷണം ഡെലിവറി ചെയ്യുന്നത്. ലോകത്ത് വലിയ മാറ്റങ്ങളൊന്നും വരുത്താൻ സാധിച്ചില്ലെങ്കിലും ഒരു കൂട്ടം ആളുകൾക്ക് പ്രചോദനമാകാൻ സാധിക്കുന്നുണ്ടെന്നാണ് കവിത കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ കവിത ചെറുപ്പക്കാലം മുതൽക്കേ നാടകാഭിനയരംഗത്ത് സജീവമായിരുന്നു. രണ്ട് മക്കളുടെ അമ്മയാണ്. കുട്ടിക്കാലത്തുത്തന്നെ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട കവിതയ്ക്ക് ഒരു വളർത്തമ്മയായിരുന്നു വാത്സല്യം പകർന്നത്. ഒരു കുട്ടിയുടെ ജീവിതത്തിന്റെ അടിത്തറ പാകുന്നതിന് അച്ഛനും അമ്മയ്ക്കുമുളള പങ്ക് വളരെ വലുതാണ്. അത് തനിക്ക് ലഭിച്ചിട്ടില്ല. മക്കൾക്ക് ലഭിക്കണമെന്ന് വാശിയുണ്ടായിരുന്നുവെന്നും അവർ പറയുന്നു. നാടകാഭിനയത്തിൽ നിന്നാണ് പിന്നീട് സീരിയലുകളിലേക്കും സിനിമകളിലേക്ക് പ്രവേശിച്ചത്.
വിവിധ ചാനലുകളിലായി 12ൽപരം സീരിയലുകൾ അഭിനയിച്ച താരത്തിന് മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ വന്നപ്പോൾ അഭിനയം മാറ്റിവയ്ക്കേണ്ടി വന്നു. മകനെ വിദേശത്തയച്ചാണ് പഠിപ്പിച്ചത്. ഇതോടെയാണ് കവിത നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം തട്ടുക്കട ആരംഭിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അന്ന് വൈറലായിരുന്നു. എന്നാൽ കൊവിഡ് പിടിമുറിക്കിയ സാഹചര്യത്തിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആ സമയത്ത് മകളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. അപ്പോഴാണ് ഒരു സുഹൃത്തിന്റെ നിർദ്ദേശത്തോടെ കവിത ചെന്നൈയിലേക്ക് വണ്ടി കയറിയത്.
ചെന്നൈയിലെത്തിയതോടെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുകയായിരുന്നുവെന്ന് കവിത പറയുന്നു. അവിടത്തെ ആൺകുട്ടികൾ തന്നെ 'അക്ക 'എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. കൂടെ ജോലി ചെയ്യുന്നവരുടെ കരുതൽ എപ്പോഴും ഉണ്ടായിരുന്നു. ഹോസ്റ്റലിലാണ് താമസം. മാസം 35,000 രൂപ വരെ സമ്പാദിക്കാൻ സാധിക്കും. ജോലി ചെയ്യാനുളള ഒരു മനസ് മാത്രം മതിയെന്നാണ് കവിതയുടെ പക്ഷം. മകന്റെ ജീവിതം ഇപ്പോൾ സുരക്ഷിതമാണ്. ഇനി കവിതയുടെ അടുത്ത ലക്ഷ്യം മകളെ വിദേശത്തയച്ച് പഠിപ്പിക്കുകയെന്നാണ്.
ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ നിഷ്‌പ്രയാസം മാറ്റിക്കൊണ്ട് ഒരു പെണ്ണിന് മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് കവിത പറയുന്നത്. ജീവിതത്തിന്റെ മോശം അവസ്ഥയിൽ താൻ പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കവിത ഓർത്തെടുത്തു. ഒരു അനുഭവവും പങ്കുവച്ചിട്ടുണ്ട്.'ഞാൻ തിരുവല്ലയിലെ റെയിൽവേ സ്റ്റേഷനിൽ മനസ് മരവിച്ച് നിന്നിട്ടുണ്ട്. ആത്മഹത്യയായിരുന്നു ലക്ഷ്യം. എന്നാൽ എനിക്ക് മുൻപ് മറ്റാരോ ട്രെയിനിന് മുന്നിൽ ചാടി. അവിടെ നിന്നയാളുകൾക്ക് മരിച്ച വ്യക്തിയോട് കരുണയായിരുന്നില്ല ഉണ്ടായിരുന്നത്. പുച്ഛം മാത്രമായിരുന്നു. ജീവിക്കാൻ പല വഴികൾ ഉണ്ടല്ലോ, എന്തിനാണ് മറ്റുളളവരെ ബുദ്ധിമുട്ടിപ്പിക്കുന്നതെന്നാണ് അവർ ചോദിച്ചത്. ഇത് കേട്ടതോടെ ഞാനും പല വഴികളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു'-കവിത പറഞ്ഞു.
താൻ വീഡിയോകൾ ചെയ്യുന്നത് കണ്ട് പലർക്കും പ്രചോദനം ഉണ്ടാകാറുണ്ടെന്നാണ് കവിത പറയുന്നത്. ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ വാക്കുകൾ കൊണ്ട് സമാധാനിപ്പിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്നും അവർ പറയുന്നു. ആത്മഹത്യയുടെ വക്കിലെത്തിയ പല പെൺകുട്ടികൾക്കും ഊർജമേകാൻ നിമിത്തമായതിൽ അഭിമാനമാണുളളത്. കൈയിൽ കോടികളുണ്ടായിട്ടും ഉറക്കഗുളിക കഴിച്ച് ഉറങ്ങുന്നവരുണ്ട്. അവരെ അപേക്ഷിച്ച് താൻ ഹാപ്പിയാണ്. ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. കൈയിലുളളതുവച്ച് സംതൃപ്തിയോടെ ജീവിച്ചാൽ സന്തോഷം എപ്പോഴും ഉണ്ടാകുമെന്ന് കവിത പറയുന്നു.
അഭിനയം ഉപേക്ഷിച്ചോ?
അഭിനയം രക്തത്തിലും ജീവിതത്തിലും അലിഞ്ഞതാണ്. അവസരങ്ങൾ ലഭിച്ചാൽ ചെയ്യും. ഇപ്പോൾ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. അതിനായി നാട്ടിലെത്തിയിരിക്കുകയാണ്. ടൂ വീലറിൽ ഹിമാലയം ചുറ്റണമെന്നാണ് മനസിലെ ആഗ്രഹം. അതിനുവേണ്ടിയുളള പരിശീലനത്തിനായിരിക്കും ദൈവം എനിക്ക് ഇപ്പോഴത്തെ ജോലി തന്നതെന്നാണ് വിശ്വസിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ സന്തോഷത്തോടെ ജീവിച്ചാൽ എല്ലാ കാര്യങ്ങളും സാധിക്കാവുന്നതേയുളളൂ.