നിസാര കാര്യം! പ്രവാസികൾ സൂക്ഷിക്കൂ, യുവാവ് പിഴയടച്ചത് ലക്ഷങ്ങൾ; വീഡിയോയും പുറത്തുവിടും

Monday 14 July 2025 11:54 AM IST

റിയാദ്: നിരവധി മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. കേരളത്തെ അപേക്ഷിച്ച് നിയമങ്ങൾ കുറച്ചുകൂടി കർശനമാണ് ഈ രാജ്യങ്ങളിലെല്ലാം. ഇത്തരത്തിൽ വിചിത്രമായ നിയമങ്ങളും അത് പാലിക്കാതെ വരുമ്പോൾ നൽകേണ്ടി വരുന്ന പിഴയെക്കുറിച്ചുമെല്ലാമുള്ള വാർത്തകൾ പുറത്തുവരാറുണ്ട്. അത്തരത്തിൽ ഒരു റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്.

സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയമാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീടിനുള്ളിൽ പുരുഷന്മാർ സാധാരണയായി ധരിക്കുന്ന ഒരു തരം സ്ലീപ്പ്‌വെയർ ആയ നൈറ്റ് തോബ് ധരിച്ച് പൊതുസ്ഥലത്ത് ചുറ്റിനടന്ന ഒരാളുടെ ദൃശ്യമാണിത്. സൗദിയുടെ വസ്‌ത്ര സംസ്‌കാരത്തെക്കുറിച്ച് അറിയാത്തവർക്ക് ഈ വസ്‌ത്രം മാന്യമായി തോന്നിയേക്കാം. എന്നാൽ, പൊതുസ്ഥലത്ത് ഇത്തരം വസ്‌ത്രങ്ങൾ ധരിക്കുന്നത് സൗദിയുടെ പൊതു മര്യാദ നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്.

ഈ നിയമപ്രകാരം, ഇത്തരം നിയമലംഘനങ്ങൾക്ക് 5,000 റിയാൽ (ഏകദേശം 1,15,000 രൂപ) പിഴ അടയ്‌ക്കേണ്ടി വരും. ഖോബാർ പോലുള്ള പ്രദേശങ്ങളിൽ, പൊതുസ്ഥലങ്ങളിൽ നൈറ്റ് തോബ് ധരിച്ച് പുറത്തിറങ്ങിയാൽ 100 റിയാൽ പിഴ ചുമത്താറുണ്ടെന്ന് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ പറയുന്നു.

സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ നിരവധി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു കാർ പരിശോധിക്കുമ്പോൾ അതിനുള്ളിൽ വിവിധ ഭാഗങ്ങളിലായി മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നത് കാണാം. മറ്റൊരു ക്ലിപ്പിൽ ഒരാൾ കാറുകൾക്ക് സമീപത്ത് നിന്ന് യാചിക്കുന്നത് കാണാം. സൗദിയിലെ നിയമപ്രകാരം, പൊതുസ്ഥലങ്ങളിൽ യാചകരെ നിരോധിച്ചിട്ടുണ്ട്. ഇവർക്കെതിരെ ക‌ശന നടപടികൾ സ്വീകരിക്കും.