'എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ' പ്രകാശിപ്പിച്ചു
Tuesday 15 July 2025 12:02 AM IST
ആലുവ: കടുങ്ങല്ലൂർ നിന്നുള്ള കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാക്കളായ സേതു, ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവരെക്കുറിച്ച് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. സേതു, ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പണ്ഡിറ്റ് ടി.പി. ബാലകൃഷ്ണൻ നായർ സ്മാരകസാഹിത്യ അവാർഡ് ഗ്രേസിക്ക് മന്ത്രി രാജീവ് സമ്മാനിച്ചു. കളമശേരി മണ്ഡലത്തിലെ മറ്റ് എഴുത്തുകാരായ എം. ലീലാവതി, എം. തോമസ് മാത്യു എന്നിവരെ കൂടി ഉൾപ്പെടുത്തി എല്ലാ വായനശാലകളിലും ബുക്ക് കോർണറുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ആർ. രാജലക്ഷ്മി, പി.എ. അബൂബക്കർ, ഓമന ശിവശങ്കരൻ, ഷീന ജോസഫ്, ഡോ. സുന്ദരം വേലായുധൻ എന്നിവർ സംസാരിച്ചു.