നിറം മങ്ങി മാനാഞ്ചിറ സ്ക്വയർ എവി​ടെ 'അ​ഴ​ക് ​'..?

Tuesday 15 July 2025 12:01 AM IST
അ​ൻ​സാ​രി​ ​പാ​ർ​ക്കി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​ ​നി​ൽ​ക്കു​ന്നു

കോഴിക്കോട്: പരിപാലനത്തിലും അറ്റകുറ്റപ്പണിയിലും വീഴ്ച സംഭവിച്ചതോടെ സാംസ്കാരിക നഗരത്തിന്റെ അടയാളമായ മാനാഞ്ചിറ സ്ക്വയറിന്റെ നിറം മങ്ങുന്നു. മഴ കനത്തതോടെ വെള്ളം തളം കെട്ടിക്കിടക്കുന്നത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. പല ഭാഗങ്ങളും പുല്ല് വളർന്ന് കാടുപിടിച്ചിട്ടുണ്ട്. നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ വൃത്തിയാക്കാൻ നടപടിയില്ല. ഞായറാഴ്ചയുൾപ്പെടെ അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്.

കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന സൗന്ദര്യവത്കരണ പദ്ധതികളും കടലാസിലാണ്. സ്ക്വയറിനകത്ത് പലപ്പോഴായി മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങള്‍ പോലും മാറ്റിയിട്ടില്ല. പലയിടത്തും മാലിന്യവുമുണ്ട്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച പുല്ലും നശിക്കുകയാണ്. ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ ജിമ്മിന്റെ ശിലാഫലകം എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന നിലയിലാണ്. മരങ്ങള്‍ക്ക് ചുറ്റും തറ കെട്ടിയതിന്റെ കല്ലുകളും അടര്‍ന്നിരിക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്ന വിശ്രമ കേന്ദ്രത്തിന്റെ അവശിഷ്ട്ടങ്ങളും അതേപടി കിടക്കുകയാണ്. സ്‌ക്വയറിന് ചുറ്റും രാത്രി സമയത്ത് തെളിയുന്ന അലങ്കാര വിളക്കുകളിൽ പകുതി കണ്ണടച്ചിട്ടും ഏറെ നാളായി.

ക്ഷയിച്ച് പ്രതിമകൾ

കെ.വി. മോഹന്‍കുമാര്‍ ജില്ല കലക്ടറായിരിക്കെ നടപ്പിലാക്കിയ ശില്‍പനഗരം പദ്ധതിയുടെ ഭാഗമായി മാനാഞ്ചിറ സ്‌ക്വയറിനുള്ളില്‍ സ്ഥാപിച്ച ശില്പങ്ങളെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. മലയാളികളുടെ മനസില്‍ ഇടം പിടിച്ച കോഴിക്കോട് നഗരത്തെ അത്രമേല്‍ സ്വാധീനിച്ചതാണ് ലിറ്റററി പാര്‍ക്കിലെ ശില്പങ്ങൾ. എസ്.കെ.പൊറ്റക്കാട്, യു.എ.ഖാദര്‍, വി.കെ. കൃഷ്ണമേനോന്‍ പ്രതിമകളുടെയും നിറം മങ്ങുകയാണ്. പി.വത്സലയുടെ നെല്ല്, എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം തുടങ്ങിയ നോവലുകളിലെ പ്രശസ്ത കഥാപാത്രങ്ങളുടെ പ്രതിമകളെല്ലാം ബലക്ഷയം വന്നു. പെയിന്റ് അടക്കം പോയി. തറയും ഇളകിയ നിലയിലാണ്.

ഒഴുകാത്ത ജലധാര

കൂടാതെ കുട്ടികളെയും വലിയവരെയും ഒരുപോലെ ആകര്‍ഷിച്ച ജലധാര വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പുതിയ ജലധാര കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും നടന്നിട്ടില്ല. ഓപ്പൺ സ്റ്റേജിന്റെ സ്ഥിതിയും പരിതാപകരമാണ്. പാര്‍ക്ക് രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ പ്രവേശനം വൈകിട്ട് മൂന്ന് മുതല്‍ രാത്രി എട്ട് വരെയാണ്. രാവിലെയും വൈകിട്ടും വ്യായാമത്തിനായി നിരവധി പേര്‍ ഇവിടെയെത്താറുണ്ട്.