ഓണം സ്‌പെഷ്യലായി എ.സി ടൂറിസ്റ്റ് ട്രെയിൻ സർവീസ്

Tuesday 15 July 2025 12:55 AM IST

കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂർ ടൈംസ്, ഓണം സ്‌പെഷ്യൽ എ.സി ടൂറിസ്റ്റ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടൽ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദർബൻസ്, കൊൽക്കൊത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബൻസിലാണ് രാത്രി താമസം. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. അറിയിപ്പുകൾക്കായുള്ള പി.എ സിസ്റ്റംസ് ഓൺബോർഡ്, കോച്ച് സെക്യൂരിറ്റി, ടൂർ മാനേജർ, യാത്രാ ഇൻഷ്വറൻസ്, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനം, വാഹനസൗകര്യങ്ങൾ, അൺലിമിറ്റഡ് ദക്ഷിണേന്ത്യൻ ഭക്ഷണം എന്നീ സൗകര്യങ്ങളുണ്ടാകും. യാത്രക്കാർക്ക് എൽ.ടി.സി-എൽ.എഫ്.സി സൗകര്യവും ലഭിക്കും. റെയിൽവേയുടെ 33 ശതമാനം സബ്‌സിഡി നേടാനാകും. സ്ലീപ്പർ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ്. തേർഡ് എ.സി ജനത 29,800 രൂപ, തേർഡ് എ.സി 36,700 രൂപ, സെക്കൻഡ് എ.സി 44,600 രൂപ, ഫസ്റ്റ് എ.സി 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.