വാക്കറൂ റോബോട്ടിക് ടെക്‌ക്വിസ്റ്റ് രണ്ടാംഘട്ടത്തിന് തുടക്കം
കോഴിക്കോട്: വാക്കറൂ ഫൗണ്ടേഷൻ സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കുന്ന റോബോട്ടിക് ടെക്‌ക്വിസ്റ്റിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം.
സാങ്കേതിക വിദ്യയിലൂടെ ഗ്രാമീണ വിദ്യാഭ്യാസം സുശക്തമാക്കുവാനായി വാക്കറൂ ഇന്റർനാഷണൽ സി.എസ്.ആർ വിഭാഗമായ വാക്കറൂ ഫൗണ്ടേഷൻ ആവിഷ്‌ക്കരിച്ച വാക്ക് 2 റോബോട്ടിക് ടെക്‌ക്വിസ്റ്റ് കോഴിക്കോട് ജില്ലയിലെ രണ്ട് സർക്കാർ സ്‌കൂളുകളിലാണ്ആരംഭിച്ചത്. ജില്ലയിലെ 10 സ്‌കൂളുകളിൽ ഉടൻ പദ്ധതി നടപ്പിൽ വരും. കേരളത്തിലുടനീളമുള്ള ഗ്രാമീണ, തീരദേശ മേഖലകളിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ സമഗ്രമായി ഉൾപ്പെടുത്തുവാനും ഭാവിയ്ക്കായി സുസജ്ജരാക്കുവാനും റോബോട്ടിക്‌സ്, ആർട്ടിഫീഷ്യൽ ഇൻലിജൻസ് (എ.ഐ), കോഡിംഗ് എന്നിവയുടെ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
യുക്തിസഹമായ ചിന്തകൾ, സർഗാത്മകത, പ്രശ്‌നപരിഹാരം എന്നിവ വികസിപ്പിക്കുവാൻ ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വാക്കറൂ സി.എസ്.ആർ മേധാവി ഡോ. സുമിത്ര ബിനു വിശദീകരിച്ചു. കൊടുവള്ളി ജി.എം.യു.പി.എസ് കരുവൻപൊയിലിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ വെള്ളാറ അബ്ദുവും ജി.യു.പി.എസ് മണാശ്ശേരിയിൽ ലിന്റോ ജോസഫ് എം.എൽ.എയും പദ്ധതി ഉദ്ഘാടനം ചെയ്തു.
40 ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് റോബോട്ടിക് ടെക്‌ക്വിസ്റ്റിന്റെ രണ്ടാംഘട്ടം നടപ്പിലാക്കുന്നത്.