പ്ലസ് വൺ വിദ്യാർത്ഥിക്കുനേരെ റാഗിംഗ്, അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട് : പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലായ് 10 നാണ് സംഭവം . വിദ്യാർത്ഥി സമരത്തെത്തുടർന്ന് സ്കൂൾ നേരത്തെ വിട്ടതോടെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സ്കൂളിനടുത്തുള്ള ഇടവഴിയിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. കുട്ടിയോട് പാട്ടുപാടാനും നൃത്തം ചെയ്യാനും സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതോടെയാണ് മർദ്ദനം. സാരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കൾ പ്രിൻസിപ്പലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരായ അഞ്ച് കുട്ടികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അത്തോളി പൊലീസ് മർദ്ദനത്തിനിരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സി.ഡബ്ലിയു.സിക്ക് കെെമാറിയെന്ന് അത്തോളി ഇൻസ്പെക്ടർ സജീവ്.ഡി പറഞ്ഞു.