സി. സദാനന്ദൻ 18ന് ഡൽഹിയിലേക്ക്
കണ്ണൂർ: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ 18ന് ഡൽഹിയിലേക്ക് പോകും. ഈ മാസം 21 മുതൽ ആഗസ്റ്റ് 31 വരെ പാർലമെന്റ് സെഷൻ നടക്കുന്നതായാണ് അറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ദിവസമായ 21ന് സത്യപ്രതിജ്ഞ ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 17ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച് അടുത്തദിവസം രാവിലെ ബി.ജെ.പി പുതിയ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും. അന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ അക്രമരാഷ്ട്രീയം സജീവ ചർച്ചയായ സാഹചര്യത്തിൽ പല കോണുകളിൽ നിന്നും സദാനന്ദനെതിരെ പ്രചാരണങ്ങൾ ശക്തമാണ്. അക്രമത്തിനിരയായ സംഭവത്തെ ഒരു ദുഃസ്വപ്നമായി മറക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സദാനന്ദൻ തന്നെ അക്രമകാരിയായി വിശേഷിപ്പിക്കുന്നതിനെതിരെ ഒന്നും പ്രതികരിച്ചില്ല. ഇന്നലെ വീട്ടിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ സംഘപരിവാർ നേതാക്കളും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും സദാനന്ദനെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.