പിന്നാക്കാവസ്ഥ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്ന് ഹൈക്കോടതി. പരിവർത്തനപ്പെടാൻ അവർക്ക് ലഭിക്കുന്ന അവസരം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പൊലീസ് ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അത് ശരിവച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം. ഹർജിക്കാരന് നാലാഴ്ചയ്‌ക്കകം നിയമനം നൽകാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
ജിജിന്റെ മാതാവ് പൊലീസ് വകുപ്പിൽ പാർടൈം സ്വീപ്പറായിരിക്കെ 2017ലാണ് മരിച്ചത്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ജിജിന് പൊലീസ് ഡ്രൈവറായി നിയമനം നൽകാൻ വകുപ്പ് തീരുമാനിച്ചു. എന്നാൽ ഹർജിക്കാരനെതിരെ ആറു കേസുകൾ ഉണ്ടായിരുന്നതും വെരിഫിക്കേഷൻ ഫോം ഹാജരാക്കാത്തതും സർക്കാർ അയോഗ്യതയായി കണക്കാക്കി. ട്രൈബ്യൂണലിനെ സമീപിച്ചിട്ടും അനുകൂല ഉത്തരവ് കിട്ടാത്തതിനാലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിക്കാരനെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചു, സ്ത്രീക്കു നേരെ ആംഗ്യം കാട്ടി തുടങ്ങിയ കേസുകളായിരുന്നു. ഒരു കേസിൽ പിഴയടച്ചു. മറ്റൊന്നിൽ ഒരു ദിവസം തടവ് അനുഭവിച്ചു. മൂന്ന് കേസുകളിൽ കുറ്റവിമുക്തനായി. ഒരു വൈവാഹിക തർക്കം ഒത്തുതീർപ്പാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജോലി നിഷേധിച്ചത് നീതികരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഈഴവ സമുദായാംഗമായ ഹർജിക്കാരൻ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസത്തിന് വഴിയുണ്ടായിരുന്നില്ല. കേസുകളിലും ഉൾപ്പെട്ടു. അങ്ങനെ ജീവിതത്തിൽ പല പ്രതിബന്ധങ്ങളും നേരിട്ടയാളാണെന്ന് കോടതി വിലയിരുത്തി. ആരോപിച്ച കുറ്റകൃത്യങ്ങളും നൽകേണ്ട ജോലിയും തമ്മിൽ ബന്ധപ്പെടുത്തേണ്ട സാഹചര്യമില്ല. നിസ്സാര കുറ്റകൃത്യങ്ങളുടെ പേരിൽ മാറ്റിനിറുത്തേണ്ടതുമില്ലെന്ന് സുപ്രീം കോടതിയുടെ മുൻകാല ഉത്തരവുകൾ മുൻനിറുത്തി ഡിവിഷൻബെഞ്ച് പറഞ്ഞു. വെരിഫിക്കേഷൻ ഫോം ഹാജരാക്കാത്തത് ജോലി നിഷേധിക്കാനുള്ള കാരണമല്ല. ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കാമെന്നും കോടതി വിലയിരുത്തി.