സി.സി.മുകുന്ദനെ മന:പൂർവം തഴഞ്ഞതല്ല : സി.പി.ഐ
തൃശൂർ: നാട്ടിക എം.എൽ.എ സി.സി.മുകുന്ദനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ . സി.പി.ഐ ഭരണഘടനയനുസരിച്ച് നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കി, പകരം 20 ശതമാനം പേരെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. ഏകകണ്ഠമായാണ് മുകുന്ദൻ ഉൾപ്പെടെ 11 ജില്ലാ കൗൺസിൽ അംഗങ്ങളെ ഒഴിവാക്കിയത്. എന്നാൽ, തന്റെ മുൻ പേഴ്‌സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന നിലയിൽ മുകുന്ദന്റേതായി വന്ന വാർത്തകൾ ശരിയല്ല. മുകുന്ദന്റെ പി.എയുടെ പേരിൽ ആരോപണം ഉയർത്തിയത് യൂത്ത് കോൺഗ്രസുകാരാണ്. ഇത് അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്.സമ്മേളനത്തിൽ നിന്ന് മുകുന്ദൻ ഇറങ്ങിപ്പോയെന്ന വാർത്തയും ശരിയല്ല. അദ്ദേഹത്തെ പാർട്ടി വിരുദ്ധനാക്കി ചിത്രീകരിക്കാനും സി.പി.ഐയിൽ പ്രതിസന്ധിയാണെന്ന് വരുത്തിത്തീർക്കാനുമുള്ള ചില മാദ്ധ്യമങ്ങളുടെ ഗൂഢനീക്കമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ജില്ലാ കൗൺസിൽ വ്യക്തമാക്കി.
മറ്റു പാർട്ടികളിൽ നിന്ന് ക്ഷണിച്ചു: മുകുന്ദൻ
ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മറ്റു പാർട്ടികളിൽ നിന്ന് ക്ഷണമുണ്ടായെന്ന് സി.സി.മുകുന്ദൻ. കോൺഗ്രസും ബി.ജെ.പിയും തന്നെ ക്ഷണിച്ചു. സി.പി.എം നേതാക്കളും സംസാരിച്ചു. പാർട്ടി പൂർണമായും അവഗണിച്ചാൽ മറ്റു തീരുമാനങ്ങളിലേക്ക് പോകും. പാർട്ടി ഇടപെടലിൽ പ്രതീക്ഷയുണ്ട്. സാഹചര്യം വരുമ്പോൾ ആലോചിക്കാം. എം.എൽ.എ സ്ഥാനം രാജി വയ്ക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണ്. ജില്ലാ സമ്മേളനത്തിൽ നിന്ന് താൻ ഇറങ്ങിപ്പോയതല്ല, അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു. തന്റെ മുൻ പി.എയെ സംരക്ഷിക്കാനുള്ള ശ്രമമുണ്ടാകരുത്. ആ പ്രശ്‌നം പരിഹരിച്ചാൽ എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.