മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു മാർച്ച് നടത്തി

Tuesday 15 July 2025 12:22 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല തകർത്ത് വിദ്യാർത്ഥികളെ വഴിയാധാരമാക്കിയ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.

ബേക്കറി ജംഗ്ഷനിൽ നിന്ന് നൂറോളം പ്രവർത്തകരുമായെത്തിയ മാർച്ച് വിമൻസ് കോളേജിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറുകയും കൊടികെട്ടാനുപയോഗിച്ച പൈപ്പുകൾ പൊലീസിനും ജലപീരങ്കിക്കും നേരെ എറിയുകയും ചെയ്തു. തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമായി.

മോദി സർക്കാർ നോട്ട് നിരോധിച്ചതിന് സമാനമായി ഒറ്റരാത്രി കൊണ്ടാണ് കേരള സർക്കാർ കീം പ്രവേശന പരീക്ഷ അട്ടിമറിച്ചതെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇതര സംസ്ഥാന ലോബിക്ക് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തീറെഴുതുകയാണ്. വിദ്യാർത്ഥി സമൂഹം നീറുന്ന പ്രശ്നങ്ങളിൽ നിൽക്കുമ്പോൾ ധിക്കാരത്തിന്റെയും അഹന്തയുടെയും ഭാഷയിലാണ് മന്ത്രി ബിന്ദു സംസാരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. ഒരു മണിക്ക് ആരംഭിച്ച പ്രതിഷേധം രണ്ട് മണിയോടെ അവസാനിച്ചു.