സർക്കാർ അതിഥിമന്ദിരങ്ങളിൽ ജുഡിഷ്യൽ ഹിയറിംഗുകൾക്ക് ഉൾപ്പെടെ വിലക്ക്

Tuesday 15 July 2025 12:54 AM IST

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ അതിഥി മന്ദിരങ്ങളിലെ കോൺഫറൻസ് ഹാളുകളിൽ മീറ്റിംഗുകളും ജുഡിഷ്യൽ ഹിയറിംഗുകളും ഉൾപ്പെടെ വിലക്കി പൊതുഭരണ വകുപ്പ്. അതിഥി മന്ദിരങ്ങളിൽ താമസത്തിനെത്തുന്ന വി.ഐ.പികളുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്.

കമ്മിഷനുകൾ,കമ്മിറ്റികൾ എന്നിവ നടത്തുന്ന സാക്ഷിവിസ്താരം പോലെ ഉയർന്ന പ്രാതിനിധ്യമുള്ള യോഗങ്ങൾക്ക്

ക്രമാതീതമായി ആളുകൾ പങ്കെടുക്കുന്നത് അതിഥി മന്ദിരത്തിലെ താമസക്കാർക്ക് അസൗകര്യങ്ങൾക്ക് ഇടയാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ 14 മുതൽ ഇത്തരം ആവശ്യങ്ങൾക്ക് അതിഥി മന്ദിരങ്ങളിലെ കോൺഫറൻസ് ഹാളുകൾ അനുവദിക്കില്ലെന്നും ഹിയറിംഗുകളും സിറ്റിംഗുകളും ഉൾപ്പെടെയുള്ളവ മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ കളക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലോ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.