എഴുകോണിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Tuesday 15 July 2025 12:19 AM IST
എഴുകോൺ: ഒറീസയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസാഫ് പൊലീസ് ടീം എഴുകോണിൽവെച്ച് പിടികൂടി. വെള്ളിമൺ ഇടവട്ടം അനുനിവാസിൽ ആന്റോ ടോണി (32) ആണ് അറസ്റ്റിലായത്.
എഴുകോൺ സർക്കിൾ ഇൻസ്പെക്ടർ സുധീഷ് കുമാർ, റൂറൽ ഡാൻസാഫ് എസ്.ഐ. ജ്യോതിഷ് ചിറവൂർ, സബ് ഇൻസ്പെക്ടർ മനീഷ്, സി.പി.ഒമാരായ കിരൺ, സജു, അഭിലാഷ്, വിപിൻ, നഹാസ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒറീസയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് ജില്ലയിലെ വിവിധയിടങ്ങളിലെ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിലൊന്നാണ് പിടിയിലായ ആന്റോ. ഇയാളുടെ കൂട്ടാളികളെയും ഇടപാടുകാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. റൂറൽ ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന കർശന പരിശോധനകളാണ് ലഹരിക്കടത്തുകാരെ നിരന്തരം വലയിലാക്കുന്നത്.