'പുതിയ സൗഹൃദം' അറിഞ്ഞു; 21കാരിയെ കുത്തി മുൻ സുഹൃത്ത്
സുഹൃത്ത് അറസ്റ്റിൽ
കൊച്ചി: താമസസ്ഥലത്ത് അതിക്രമിച്ചുകയറി മുൻ സുഹൃത്ത് യുവതിയെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന യുവതിയുടെ പുതിയ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയും മലപ്പുറം തിരൂരങ്ങാടി സ്വദേശിയുമായ 21കാരിക്കാണ് കുത്തേറ്റത്. നാല് തുന്നിക്കെട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ കാക്കനാട് താമസിക്കുന്ന എറണാകുളം സ്വദേശിയായ ഋഷികേശിനെ അറസ്റ്റ് ചെയ്തു. എറണാകുളം തൃക്കാക്കരയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.
യുവതി പഠിക്കുന്ന സ്ഥാപനത്തിലെ സീനിയർ വിദ്യാർത്ഥിയായിരുന്നു പ്രതി. ഇവിടെ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. അടുത്തിടെ യുവതി മർദ്ദനമേറ്റ യുവാവുമായി സൗഹൃദത്തിലായി. ഇത് അറിഞ്ഞ യുവാവ് തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ യുവതിയുടെ വാടക താമസസ്ഥലത്തേക്ക് കത്തിയുമായി എത്തുകയായിരുന്നു. ഈസമയം പുതിയ സുഹൃത്തും ഇവിടെ ഉണ്ടായിരുന്നു. ഇയാളെ മർദ്ദിച്ചശേഷമാണ് യുവതിക്ക് നേരെ തിരിഞ്ഞത്. ഇവരെ ക്രൂരമായി മർദ്ദിച്ച് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. വയറിന് കുത്താനുള്ള ശ്രമം തടയുന്നതിനിടെ കൈക്കാണ് പരിക്കേറ്റത്. ശേഷം പ്രതി സ്ഥലംവിട്ടു.
ഒപ്പമുണ്ടായിരുന്ന യുവാവ് തൃക്കാക്കര താലൂക്ക് ആശുപത്രിയിൽ യുവതിയെ എത്തിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
കളമശേരിയിൽ ഡ്രൈവറായ പ്രതിയെ കാക്കനാട് ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റെങ്കിലും പുതിയ സുഹൃത്ത് പൊലീസിന് പരാതി നൽകാൻ തയ്യാറായിട്ടില്ല.