കൊലക്കേസ് പ്രതി ബാലസംഘം സമ്മേളനത്തിൽ
Tuesday 15 July 2025 3:07 AM IST
കണ്ണൂർ: സി.പി.എം നിയന്ത്രണത്തിലുള്ള കുട്ടികളുടെ സംഘടനയായ ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘം ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് സി.പി.എം പ്രവർത്തകനായ ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് പങ്കെടുത്തത്. തലശ്ശേരിയിലെ ബി.ജെ.പി പ്രവർത്തകൻ നിഖിലിനെ 2008ൽ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ശ്രീജിത്ത്. കേസിൽ ഒന്നാം പ്രതിയാണ്. കുന്നോത്ത് പറമ്പിലെ ബി.ജെ.പി പ്രവർത്തകൻ കെ.സി. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും നാദാപുരം അസ്ലം വധക്കേസിലും ഇയാൾ പ്രതിയാണ്. കൊലപാതകത്തെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നു. ശ്രീജിത്തിനെ ബാലസംഘം ഭാരവാഹികൾ പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണെന്ന് പറയുന്നു. ഇയാൾ പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.