ചോദ്യപേപ്പറിലെ പിഴവ്:പങ്കില്ലെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർ‌ഡ്

Tuesday 15 July 2025 3:13 AM IST

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ക്ലാർക്ക് പരീക്ഷയുടെ ചോദ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേര് ഓപ്ഷനിൽ ഉൾപ്പെടാത്തത് തങ്ങളുടെ പിഴവല്ലെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോ‌ർഡ്. ഓരോ വിഷയത്തിലും വിദഗ്‌ദ്ധരായ അദ്ധ്യാപകരുടെ പാനലിൽ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്.

സീൽ ചെയ്ത കവറിലുള്ള ചോദ്യപേപ്പർ അതേപടി സെക്യൂരിറ്റി പ്രസിൽ പ്രിന്റിംഗിനയയ്ക്കും. തുടർന്ന് പ്രസിൽ നിന്നാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത്. ഉദ്യോഗാർത്ഥികളാണ് ചോദ്യപേപ്പർ ആദ്യം കാണുന്നത്. പരീക്ഷ കഴിഞ്ഞേ ബോർഡും ഉദ്യോഗസ്ഥരും ചോദ്യപേപ്പർ കാണൂ. ഇത്തരം തെറ്റുകൾ സംഭവിക്കാറുണ്ട്. ശരിയുത്തരം ഇല്ലാതെ വരികയോ ഒന്നിലധികം ശരിയുത്തരം ഉണ്ടാവുകയോ ചെയ്താൽ അത്തരം ചോദ്യങ്ങൾ ഒഴിവാക്കും. തുടർന്ന് ചോദ്യങ്ങളുടെ ഉത്തരം മാത്രം പരിശോധിച്ച് മൂല്യനിർണയം നടത്തും. ഗുരുവായൂർ ദേവസ്വം ക്ലാർക്ക് പരീക്ഷയുടെ മൂല്യനിർണയത്തിലും ഇതേ നടപടിക്രമം പാലിക്കുമെന്നും റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.