വെളിച്ചെണ്ണ വില നിയന്ത്രണം: കേരഫെഡിനോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില നിയന്ത്രിക്കാൻ കേരഫെഡിനോട് സർക്കാർ നിർദ്ദേശം തേടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കും. ഗുണമേന്മ ഉറപ്പാക്കി കൊപ്ര സംഭരിക്കാൻ കേരഫെഡിന് കൃഷിവകുപ്പും നിർദ്ദേശം നൽകി. ഓണത്തിന് വെളിച്ചെണ്ണ എത്തിക്കാനുള്ള നടപടിയും കേരഫെഡ് തുടങ്ങി.
ഓണത്തിന് വെളിച്ചെണ്ണ വില വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ബി.പി.എൽ കാർഡുകാർക്ക് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകാനുള്ള ആലോചനയിലാണ് കേരഫെഡ്. ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി പറഞ്ഞു. സബ്സിഡി നിരക്ക് പിന്നീട് നിർണയിക്കും.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും കേരഫെഡ് പച്ചത്തേങ്ങ സംഭരണം തുടങ്ങും. വിപണി വിലയെക്കാൾ കിലോഗ്രാമിന് ഒരു രൂപ അധികം നൽകിയാകും സംഭരണം. ഓണവിപണിക്കാവശ്യമായ വെളിച്ചെണ്ണ ഉറപ്പാക്കാൻ 4.5 ലക്ഷം കിലോഗ്രാം കൊപ്രയ്ക്ക് ഓർഡർ നൽകി. കേരഫെഡിന്റെ പ്ലാന്റിൽ ദിവസവും 80,000 കിലോഗ്രാം കൊപ്ര എത്തുന്നുണ്ട്. ആവശ്യത്തിനു കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2026ൽ വില കുറയും
വെളിച്ചെണ്ണ വില ആഗോളതലത്തിൽ 41ശതമാനമാണ് വർദ്ധിച്ചത്. ഇന്ത്യയിൽ 60 ശതമാനവും വർദ്ധിച്ചു. 2026 പകുതിയാകുമ്പോൾ വിലക്കയറ്റം കുറയുമെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.
കാലാവസ്ഥയും തിരിച്ചടിയായി
ആഗോളമായുള്ള ആവശ്യം വെളിച്ചെണ്ണ വിലകൂട്ടി കാലാവസ്ഥാ വ്യതിയാനത്താലുള്ള ഉത്പാദനക്കുറവ് തിരിച്ചടിച്ചു രോഗകീടബാധ കാരണം ഉത്പാദന നഷ്ടവുമുണ്ടായി
കേരളത്തിൽ വർഷം ഉപയോഗിക്കുന്ന വെളിച്ചെണ്ണ- മൂന്ന് ലക്ഷം ടൺ