നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു;​ നിർണായകമായത് കാന്തപുരത്തിന്റെ ഇടപെടൽ

Tuesday 15 July 2025 2:08 PM IST

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാർ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ വധശിക്ഷ നടപ്പാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെത്തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്ന് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള മദ്ധ്യസ്ഥ ചർച്ചകളാണ് ഇന്ന് കൂടുതലായും നടന്നത്. ശിക്ഷ നീട്ടിവച്ചതിൽ ആശ്വാസമുണ്ടെന്ന് നിമിഷപ്രിയയുടെ ഭർത്താവ് ടോമി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി, യെമനിലെ പണ്ഡിതനും സൂഫി നേതാവുമായ ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയ്‌ക്ക് യെമനിൽ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ. അവർക്ക് നയതന്ത്ര തലത്തിൽ അംഗീകാരമില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാൻ കേന്ദ്രം യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നൽകി. ഒരു ഷെയ്‌ഖിന്റെയും സഹായം തേടി. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.

2017 ജൂലായിൽ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ എംബസി അയൽരാജ്യമായ ജിബൂട്ടിയിലാണ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. കൂടുതൽ പണം കണ്ടെത്താൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.

നിമിഷ ഭാര്യയാണെന്ന് തലാൽ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും നടത്തി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. പരാതി നൽകിയ നിമിഷപ്രിയയെ ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ പ്രതിരോധിച്ചപ്പോഴാണ് തലാൽ മരിച്ചതെന്നാണ് നിമിഷപ്രിയയുടെ മൊഴി.