ആശ്വാസം, മിൽമ പാലിന്റെ വില ഉടൻ കൂട്ടില്ല; പഠനം നടത്താൻ തീരുമാനം

Tuesday 15 July 2025 2:57 PM IST

തിരുവനന്തപുരം: മിൽമ പാലിന്റെ വിലവർദ്ധന തൽക്കാലമില്ല. വിഷയത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷമായിരിക്കും വില കൂട്ടുന്നത് പരിഗണിക്കുക. വില കൂട്ടുന്നത് സംബന്ധിച്ച് ഇന്ന് ഡയറക്ടർ ബോർഡ് യോഗം ചേർന്നിരുന്നു. പിന്നാലെയാണ് തൽക്കാലം വർദ്ധന വേണ്ടെന്ന തീരുമാനം എടുത്തത്.

മിൽമ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾ വർദ്ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. പാലിന് 2019 സെപ്തംബറിൽ നാല് രൂപയും 2022 ഡിസംബറിൽ ലിറ്ററിന് ആറ് രൂപയും മിൽമ കൂട്ടിയിരുന്നു. നിലവിൽ മിൽമ പാലിന്റെ (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ മിൽമ വിൽക്കുന്നത്.