കെ.ജെ യേശുദാസ് മുഹമ്മദ് റഫിയെ അനുസ്‌മരിക്കും
കൊച്ചി: അനശ്വര ഗായകൻ മുഹമ്മദ് റഫിയെ അനുസ്മരിക്കാൻ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ തത്സമയം ഒരുക്കുന്ന ഗാനസന്ധ്യയിൽ ഡോ. കെ.ജെ. യേശുദാസ് പങ്കെടുക്കും. ദീർഘകാലത്തിന് ശേഷമാണ് യേശുദാസ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. റഫിയെ തന്റെ ഗുരുവായി യേശുദാസ് കരുതുന്നു.
റഫിയുടെ 45-ാം ചരമദിനമായ 31ന് വൈകിട്ട് ഏഴു മുതൽ 'ലെറ്റ് അസ് സിംഗ് മ്യൂസിക് ഗ്രൂപ്പിന്റെ' യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലാണ് 'മുഹമ്മദ് റഫി നൈറ്റ്' ഒരുക്കുന്നത്. കെ.ജെ. യേശുദാസ് വിശിഷ്ടാതിഥിയായിരിക്കും. ഗാനസന്ധ്യയുടെ ഉദ്ഘാടനം ഗായകൻ കെ.ജി. മാർക്കോസ് നിർവഹിക്കും. കവി കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധായകൻ ബേണി തുടങ്ങിയവർ മുഹമ്മദ് റഫിയെ അനുസ്മരിക്കും.
തിരക്കഥാകൃത്തും സംവിധായകനുമായ റഫീക് സീലാട്ടും മനീഷ് പരേഖും അഡ്മിൻമാരും അബ്ദുൽ ഗഫൂർ ഹുസൈൻ ചീഫ് മോഡറേറ്ററുമായ 'ലെറ്റ് അസ് സിംഗ് മ്യൂസിക് ഗ്രൂപ്പ്' അഞ്ചുവർഷമായി ഓൺലൈൻ ലൈവായി മുഹമ്മദ് റഫി, കിഷോർ കുമാർ തുടങ്ങിയ അനശ്വരഗായകരുടെ സ്മരണാർത്ഥം ഗാനസന്ധ്യകൾ സംഘടിപ്പിക്കുന്നുണ്ട്.
ഗായകരുടെ നീണ്ട നിര ചലച്ചിത്ര ഗായകരായ കൊച്ചിൻ ഇബ്രാഹിം, ജൂനിയർ മെഹബൂബ്, വില്യംസ് കൊച്ചിൻ, ഛോട്ടാ റഫി സൗരവ് കിഷൺ, ഉത്തരേന്ത്യൻ മുഹമ്മദ് റഫി എന്നറിയപ്പെടുന്ന അഭിജിത്ത് ശർമ്മ, ജമ്മു കശ്മീരിലെ ഗായകൻ കിഫായത്ത് ഫഹീം, ഗായിക ജ്യോതി മേനോൻ, യുവഗായകരായ പ്രകാശ് ബാബു, മുരളീധർ ഷേണായി, തഹ്‌സിൻ മുഹമ്മദ്, യദുനന്ദൻ, സാദിഖ് സാജ്, സരിത റഹ്മാൻ, അൽക്കാ അസ്‌കർ, മെഹ്‌താബ് അസീം, ബീനാ മുരളി, യഹിയ അസീസ്, കൊച്ചിൻ നൗഷാദ്, രാജാമണി, സജി കൊച്ചി, സലീം കൊച്ചി, മുംബൈ ഗായകൻ മൊബിൻ ഷെയ്ഖ്, എസ്. ലക്ഷ്മണൻ എന്നിവരുൾപ്പെടെ മുപ്പതോളം ഗായകർ റഫിയുടെ ഹൃദയസ്പർശിയായ ഗാനങ്ങൾ ആലപിക്കും.