അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നവർ ഒത്തുകൂടി

Tuesday 15 July 2025 5:37 PM IST

കളമശേരി: അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളി സംഘടനാ നേതാക്കൾ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ഏലൂർ പാണാട്ടിൽ സുലൈമാന്റെ വസതിയിൽ ഒത്തുചേർന്നു. പഴയ സമര കാല അനുഭവങ്ങൾ പങ്കുവച്ചു. പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

1976 ജനുവരി 6 ന് 24 പേരാണ് അറസ്റ്റ് വരിച്ച് ആലുവ സബ് ജയിലിൽ 54 ദിവസം കിടന്നത്. സമര സേനാനികളിൽ 16 പേർ മരണമടഞ്ഞു. ഇവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജീവിച്ചിരിക്കുന്ന അഞ്ചു പേർ പ്രായാധിക്യത്തിന്റെ ക്ലേശങ്ങൾ മറന്ന് കൂട്ടായ്മയിൽ പങ്കു ചേർന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞവരുടെ മക്കളും കൊച്ചുമക്കളും സഹോദരങ്ങളും എത്തി ചേർന്നിരുന്നു.

മാത്യു മുരിക്കൻ , സി.എം. സുഭാഷ്, എ.എൻ. മണിയപ്പൻ, ഇ. പരമേശ്വര അയ്യർ, പി.എസ്. ഗോപാലകൃഷ്ണൻ, വി.എം. ലോനപ്പൻ, എം.എ. സിദ്ധാർത്ഥൻ, അബൂബക്കർ എന്നിവരാണ് ജീവിച്ചിരിക്കുന്ന സമര പോരാളികൾ. ഫാക്ട്, ഐ.എ.സി, ബിനാനി, കാർ ബോറാണ്ടം കമ്പനികളിലെ ജീവനക്കാരാണ്.

ഭാര്യ പൂർണ്ണ ഗർഭിണിയായിരിക്കുമ്പോഴാണ് മാത്യു മുരിക്കൻ ജയിലിൽ എത്തുന്നത് തനിക്കൊരു ആൺകുഞ്ഞ് പിറന്ന വിവരം ജയിൽവാർഡൻ പറഞ്ഞാണ് അറിയുന്നതെന്ന് മുരിക്കൻ പറഞ്ഞു. ചലച്ചിത്ര സംവിധായകൻ നാദിർഷയുടെ ബാപ്പയാണ് എം.സുലൈമാൻ , ഉപ്പാപ്പ പി.എ. സുലൈമാനും രണ്ടുപേരെയും ജയിലിൽ കാണാൻ പോയ സംഭവം വിവരിച്ചു.

.