നാലമ്പലമണയാൻ....

Tuesday 15 July 2025 6:01 PM IST
nalambalam

കൊച്ചി: രാമായണത്തിന്റെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം എത്തുകയാണ്. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായി കണക്കാക്കുന്ന നാലമ്പല തീർത്ഥാടനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി. കർക്കടകം ഒന്നായ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണവും നാലമ്പല തീർത്ഥാടനവും. കൊല്ലവർഷം 1200-ാമത്തെ കർക്കടകമാസമാണിതെന്ന പ്രത്യേകതയുമുണ്ട്.

പ്രധാന നാലമ്പല തീർത്ഥാടന കേന്ദ്രങ്ങൾ

തൃശ്ശൂർ-എറണാകുളം ജില്ലകൾ: പ്രമുഖമായ നാലമ്പല തീർത്ഥാടനം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തൃപ്രയാറിൽ തന്നെ അവസാനിക്കുന്നു. ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കുറുമശേരിയിലെ മൂഴിക്കുളം ക്ഷേത്രം മാത്രമാണ് എറണാകുളം ജില്ലയിലുള്ളത്. മറ്റ് മൂന്ന് ക്ഷേത്രങ്ങളും തൃശൂർ ജില്ലയിലാണ്.

രാമമംഗലം നാലമ്പലങ്ങൾ: എറണാകുളം ജില്ലയിൽ പിറവത്തിനടുത്തുള്ള രാമമംഗലത്താണ് നാല് ദാശരഥീ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണിവ. 17ന് വൈകിട്ട് 6ന് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ വച്ച് പുണർതം തിരുനാൾ നാരായണ വർമ്മ തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.

രാമപുരം നാലമ്പലങ്ങൾ: കൂത്താട്ടുകുളത്തിന് സമീപമുള്ള രാമപുരത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നാല് ക്ഷേത്രങ്ങളുമുള്ളത്. രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമിക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമിക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. അമനകര ഭരതക്ഷേത്രത്തിൽ ദിവസവും അന്നദാനമുണ്ട്. നാല് ക്ഷേത്രങ്ങളിലും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതൽ 7:30 വരെയുമാണ് ദർശന സമയം.

തീർത്ഥാടകർക്കായി സൗകര്യങ്ങൾ ക്ഷേത്രങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

 പ്രത്യേക ഷെഡുകൾ, വരിയിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യം, കലാപരിപാടികൾ

 ആരോഗ്യ, സന്നദ്ധ പ്രവർത്തകരും പൊലീസും സഹായങ്ങളുമായുണ്ടാകും. തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകളും നടത്തും.