വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം വൈകും; പിതാവ് നിധീഷിനെ ചര്‍ച്ചയ്ക്ക് വിളിച്ചു
ഷാര്‍ജ: താമസസ്ഥലത്ത് മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പാണ് കോണ്‍സുലേറ്റ് അധികൃതര്‍ മൃതദേഹം മാറ്റിയത്. വിഷയത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതോടെയാണിത്. മൃതദേഹം വിദേശത്ത് സംസ്‌കരിക്കണമെന്നാണ് നിധീഷിന്റെ ആവശ്യം. ഇതിനെ എതിര്‍ത്ത് വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്ത് വന്നിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ തന്നെ സംസ്‌കരിക്കണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്.
നാട്ടില്‍ നിധീഷിന്റെയോ വിപഞ്ചികയുടെയോ വീട്ടില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കണം. ഈ വിഷയത്തില്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും ഷൈലജ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിധീഷിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ് കോണ്‍സുലേറ്റ്.
മൃതദേഹം വിദേശത്തല്ല, നാട്ടില്‍ സംസ്‌കരിക്കണം. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്‌കരിക്കണം. നിധീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്‌കരിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
വിപഞ്ചികയും മകളും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയേയും മകളേയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.