ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ ലൈഫ് അറ്റാദായത്തിൽ കുതിപ്പ്

Wednesday 16 July 2025 12:30 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസക്കാലയളവിൽ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസിന്റെ അറ്റാദായം 34.2 ശതമാനം ഉയർന്ന് 302 കോടി രൂപയിലെത്തി. ഭാവിയിലെ ലാഭത്തിന്റെ സൂചകമായ പുതിയ ബിസിനസ് മൂല്യം 24.5 ശതമാനം മാർജിനോടെ 457 കോടി രൂപയായി. ഏപ്രിൽ മുതൽ ജൂൺ വരെയുളള ഈ കാലയളവിൽ 8.1 ശതമാനം വളർച്ചയാണ് ആകെ പ്രീമിയത്തിലുണ്ടായത്. കമ്പനിയുടെ പുതിയ റീട്ടെയിൽ ബിസിനസ് 31.5 ശതമാനം വാർഷിക വളർച്ചയോടെ 77,750 കോടി രൂപയിലെത്തിയതായും ഒന്നാം ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളെ കേന്ദ്ര സ്ഥാനത്തു നിർത്തുകയും പദ്ധതികളും പ്രക്രിയകളും ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ശക്തമായ ബിസിനസ് മാതൃക മുന്നോട്ടു വെക്കാൻ സാധിച്ചതെന്ന് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അനൂപ് ബഗ്ചി പറഞ്ഞു. പരിരക്ഷാ വിഭാഗത്തിലെ പദ്ധതികൾ ബിസിനസ് തന്ത്രങ്ങളുടെ മുഖ്യ ഭാഗമായി തുടരുകയാണെന്നും പരിരക്ഷാ വിഭാഗത്തിലെ റീട്ടെയിൽ ബിസിസ് 24.1 ശതമാനം വാർഷികാടിസ്ഥാനത്തിൽ വളർച്ചനേടിയെന്നും അദ്ദേഹം അറിയിച്ചു.