മരുന്ന് കുറിക്കാൻ സോഫ്റ്റ്‌വെയറുമായി എൻജി. വിദ്യാർത്ഥികൾ

Wednesday 16 July 2025 12:31 AM IST

തിരുവനന്തപുരം: ഡോക്ടർക്കുമുന്നിൽ ചികിത്സയ്ക്കെത്തുന്നയാളുടെ രോഗം നിമിഷനേരം കൊണ്ട് കണ്ടെത്തി മരുന്ന് കുറിക്കാൻ എ.ഐ ഏജന്റ് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് വിദ്യാർത്ഥികൾ. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ അവസാനവർഷ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനിയറിംഗ് വിദ്യാ‌ർത്ഥികളായ അമിത്, ആകാശ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി നന്ദഗോപാൽ എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.

സർക്കാർ ആശുപത്രികളിൽ മണിക്കൂറുകളോളം രോഗികൾ കാത്തിരിക്കേണ്ടിവരുന്നതും ഡോക്ടർമാരുടെ എണ്ണത്തിലെ കുറവും ഈ സാങ്കേതികവിദ്യ കൊണ്ട് മറികടക്കാം. ഒ.പി ടിക്കറ്റ് എടുക്കുന്നതു മുതൽ എ.ഐ ഏജന്റ് പ്രവർത്തനം ആരംഭിക്കും. ഒ.പി കൗണ്ടറിലെയും ഡോക്ടറുടെ റൂമിലെയും കംപ്യൂട്ടറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണം. ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ തന്നെ രോഗവിവരം സോഫ്റ്റ്‌വെയറിലേക്ക് ഫീഡ് ചെയ്യാം. ഡോക്ടർക്ക് മുന്നിൽ രോഗിയെത്തുമ്പോൾ ചോദ്യങ്ങൾ സ്ക്രീനിൽ തെളിയും. ഉദാഹരണത്തിന് തലവേദനണെങ്കിൽ, 'രാത്രി മാത്രം വരുന്ന തലവേദനയാണോ', 'യാത്ര ചെയ്യുമ്പോൾ കൂടുമോ', 'ഒരുവശത്ത് മാത്രമാണോ..'എന്നിങ്ങനെ സ്ക്രീനിൽ കീവേർഡുകൾ കാണിക്കും. രോഗിയോട് ചോദിച്ച് ഡോക്ടർക്ക് ക്ലിക്ക് ചെയ്ത് ലക്ഷണങ്ങൾ സംഗ്രഹിക്കാം. അസുഖവും നൽകേണ്ട മരുന്നും സോഫ്റ്റ്‌വെയർ പറയും. ടെസ്റ്റുകൾ നിർദ്ദേശിക്കും. ഡോക്ടർക്ക് മാറ്റം വരുത്താനും കൂട്ടിച്ചേർക്കാനും അവസരമുണ്ട്. ഒറ്റക്ലിക്കിൽ മരുന്നിന്റെ കോപ്പി ഫാർമസിയിലേക്കും പോകും.

സർക്കാരുമായി ചർച്ച ചെയ്യും

കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ഐഡി എ.ഐ സോഫ്റ്റ്‌വെയറുമായി സംയോജിപ്പിച്ചാൽ രോഗിയുടെ പൂർവകാല ഹെൽത്ത് റെക്കാഡ്സും ഉപയോഗപ്പെടുത്താമെന്ന് അമിത് പറയുന്നു. ഇതിനായി ആരോഗ്യവകുപ്പുമായി ചർച്ച നടത്തും.