രജിസ്ട്രാറുടെ കാർ തിരിച്ചെടുക്കാൻ വി.സി
ബിരുദ സർട്ടിഫിക്കറ്റുകളൊപ്പിടാൻ വി.സിയെത്തുന്നു
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ സെനറ്റ് ഹാളിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് സസ്പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ ഔദ്യോഗിക കാർ തിരിച്ചെടുക്കാൻ നിർദ്ദേശിച്ച് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ. ഔദ്യോഗിക വാഹനം യൂണിവേഴ്സിറ്റിയുടെ ഗാരേജിൽ സൂക്ഷിക്കാനും നിർദ്ദേശിച്ചു. സെക്യൂരിറ്റി ഓഫീസർ കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്ന് തിരിച്ചു വാങ്ങി, രജിസ്ട്രാറുടെ ചുമതല കൈമാറിയ ഡോ.മിനി കാപ്പന് നൽകാനാണ്
നിർദ്ദേശം. ഓഫീസിൽ കയറരുതെന്ന വി.സിയുടെ നിർദ്ദേശം അവഗണിച്ച് ഇന്നലെയും രജിസ്ട്രാർ ഓഫീസിലെത്തി.
കെട്ടിക്കിടക്കുന്ന ആയിരത്തോളം ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കാൻ വ്യാഴാഴ്ച വി.സി സർവകലാശാലയിലെത്തിയേക്കും. തടയുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ മതിയായ പൊലീസ് സുരക്ഷയൊരുക്കാൻ ഗവർണർ ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രാഫി വിഭാഗത്തിന്റെ സെമിനാറിന് ഇന്നലെ വി.സി അനുമതി നൽകി. വകുപ്പു മേധാവി നേരിട്ടാണ് അനുമതിക്കായുള്ള ഫയൽ വി.സിക്കയച്ചത്. ആഗസ്റ്റ് 14ന് അക്കാഡമിക് കൗൺസിൽ യോഗം വിളിക്കാനും വി.സി അനുമതി നൽകി. മിനി കാപ്പന്റെ ശുപാർശ അംഗീകരിച്ചാണിത്. അക്കാഡമിക് കൗൺസിലിൽ രജിസ്ട്രാറും അംഗമാണ്. അതിനിടെ, പ്രശ്നം തീർക്കാൻ ഗവർണറെ കാണാൻ രജിസ്ട്രാർ അനുമതി നേടിയെന്ന റിപ്പോർട്ടിന് പിന്നാലെ, താൻ അനുമതി തേടിയിട്ടില്ലെന്ന് ഡോ.അനിൽകുമാർ അറിയിച്ചു.