2 വി.സിമാരുടെ പുറത്താക്കൽ: ഗവർണറുടെ അപ്പീൽ ഈയാഴ്ച
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരേ ഈയാഴ്ച തന്നെ ഗവർണർ ആർ.വി. ആർലേക്കർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.
നിയമനം സർക്കാരിന്റെ പാനലിൽ നിന്നല്ലാതെ പാടില്ലെന്ന ഉത്തരവിനെയാണ് ഗവർണർ ചോദ്യംചെയ്യുക. താത്കാലിക വി.സിമാർക്ക് സ്ഥിരം വി.സിമാർക്കുള്ള യു.ജി.സി യോഗ്യത ആവശ്യമില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ശരിയല്ലെന്നും താത്കാലികക്കാർക്കും യു.ജി.സി യോഗ്യതയുണ്ടാവണമെന്നും ഗവർണർ . യു.ജി.സി യോഗ്യതയില്ലാതെ നിയമിച്ച ബീഹാറിലെ അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടും. യു.ജി.സി മാനദണ്ഡപ്രകാരവും സുപ്രീംകോടതി ഉത്തരവനുസരിച്ചും ചാൻസലർക്കാണ് വി.സി നിയമനത്തിന് അധികാരമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേകാനുമതി ഹർജിയാവും നൽകുക. 2വി.സിമാരെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയും ആവശ്യപ്പെടും.
അതേസമയം, ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് വി.സിമാരായ ഡോ.സിസാതോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവർ പുറത്തായി. ഇവർക്ക് പകരം നിയമനത്തിന് സർക്കാർ ഉടൻ പാനൽ ഗവർണർക്ക് കൈമാറും.