12 വി.സിമാരുടെ നിയമനം: സർക്കാർ-ഗവർണർ അനുനയം അകലെ

Wednesday 16 July 2025 12:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 12 സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാരും ഗവർണറും അനുനയത്തിലെത്തുന്ന മട്ടില്ല. വൈസ്ചാൻസലർമാരില്ലാത്തത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അക്കാഡമിക് പ്രവർത്തനങ്ങളെയും ബാധിച്ചിട്ടും ഇരുപക്ഷവും പോരു തുടരുകയാണ്. ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് സ്ഥിരം വി.സിയും പ്രോ വൈസ്ചാൻസലറുമുള്ളത്. മറ്റിടങ്ങളിൽ പി.വി.സിയുമില്ല.

തങ്ങൾക്ക് താത്പര്യമില്ലാത്തവരെ ഗവർണർ വി.സിമാരാക്കുമെന്ന ആശങ്കയിൽ സർക്കാർ നിയമന നടപടികൾക്ക് തടയിടുന്നതാണ് വി.സി നിയമനം നീളാൻ കാരണം. വിദ്യാർത്ഥികളുടെയും സർവകലാശാലയുടെയും ഉത്തമ താത്‌പര്യം കണക്കിലെടുത്ത് ഗവർണറും സർക്കാരും വി.സിമാരുടെ സ്ഥിരം നിയമനത്തിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

സെർച്ച് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർക്കാണ് വി.സിയെ നിയമിക്കാൻ അധികാരം. യു.ജി.സി, ചാൻസലർ, സിൻഡിക്കേറ്റ് \സെനറ്റ് പ്രതിനിധികളാണ് കമ്മിറ്റിയിലുണ്ടാവേണ്ടത്. നിയമനത്തിനായി സർവകലാശാലയുടെ പ്രതിനിധികളെ നൽകുന്നത് സർക്കാർ തടഞ്ഞിരിക്കുകയാണ്. സർവകലാശാലാ പ്രതിനിധികളില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച്കമ്മിറ്റികൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഗവർണറുടെ പ്രതിനിധിയില്ലാതെ സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റികളും നിലനിന്നില്ല.

മൂന്നംഗ സെർച്ച് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ളതിനാൽ ഗവർണർ തനിക്കിഷ്ടമുള്ളവരെ വി.സിയാക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഗവർണറുടെ ഭൂരിപക്ഷമൊഴിവാക്കാൻ അഞ്ചംഗ സെർച്ച് കമ്മിറ്റിയുണ്ടാക്കാനും ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനും നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി തള്ളിയിരുന്നു.

നിയമനമില്ല;

തീരുമാനങ്ങളും

വി.സിമാരില്ലാത്തതിനാൽ സ്ഥിരം അദ്ധ്യാപക നിയമനങ്ങളില്ല. നാലു വർഷ കോഴ്സുകളിൽ പൂർണമായി കരാർ അദ്ധ്യാപകർ.

താത്കാലിക വി.സിമാർ പ്രധാന തീരുമാനങ്ങളെടുക്കുന്നില്ല. വികസനപദ്ധതികളും അക്കാഡമിക് നവീകരണവുമടക്കം സ്തംഭനത്തിൽ

മറ്റു വാഴ്സിറ്റികളിലെ പ്രൊഫസർമാരായ ഇൻ-ചാർജുമാരെ കാണാനോ പരാതികൾ അറിയിക്കാനോ വിദ്യാർത്ഥികൾക്കാവുന്നില്ല

ഗവർണർ നിയമിച്ച ഇൻ-ചാർജ് വി.സിമാരോട് സർക്കാർ സഹകരിക്കുന്നില്ല. മിക്കയിടത്തും സിൻഡിക്കേറ്റുമായി ഉരസലും സമരവും.

 സാങ്കേതികസർവകലാശാലയിൽ ബഡ്ജറ്റ് പാസാക്കാനായില്ല. പെൻഷൻ മുടങ്ങി.

സ്ഥിരം വി.സിയില്ലാത്ത

വാഴ്സിറ്റികൾ

കാർഷികം--------------2022ഒക്ടോബർ

സാങ്കേതികം----------2022ഒക്ടോബർ

കേരള--------------------2022ഒക്ടോബർ

ഫിഷറീസ്----------------2022നവംബർ

മലയാളം-----------------2023ഫെബ്രുവരി

കുസാറ്റ്------------------2023ഏപ്രിൽ

എം.ജി--------------------2023മേയ്

കണ്ണൂർ-------------------2023ഡിസംബർ

ഓപ്പൺ-------------------2024ഫെബ്രുവരി

സംസ്കൃതം----------------2024മാർച്ച്

വെറ്ററിനറി---------------2024മാർച്ച്

കാലിക്കറ്റ്----------------2024ജൂലായ്