ഫൗജയുടെ മാരത്തോണിന് വേദനിപ്പിക്കുന്ന ഫിനിഷ്

Tuesday 15 July 2025 10:45 PM IST

89-ാം വയസിൽ മാരത്തോൺ ഓട്ടക്കാരനായി കരിയർ തുടങ്ങുകയും 101-ാം വയസുവരെ ഓട്ടം തുടരുകയും ചെയ്ത പഞ്ചാബുകാരനായ മുത്തശ്ശൻ ഫൗജ സിംഗ് 114-ാം വയസിൽ വാഹനാപകടത്തിൽ മരണപ്പെട്ടത് കായികരംഗത്തിന് സങ്കടമായി. പ്രായം ഒന്നിനുമൊരു തടസമല്ല എന്ന് തെളിയിച്ചയാളാണ് 1911ൽ പഞ്ചാബിലെ ജലന്ധർ ബിയാസ് പിന്തിൽ ജനിച്ച ഫൗജ. അക്കാലത്ത് ജനനസർട്ടിഫിക്കറ്റോ മറ്റ് ഔദ്യോഗിക രേഖകളോ പതിവില്ലാത്തതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ പേരുവന്നില്ലെങ്കിലും ഫൗജയുടെ ട്രാക്കിലെ വീരഗാഥകളുടെ തിളക്കം മായുന്നില്ല.

കാലുകൾക്ക് വേണ്ടത്ര ശക്തിയില്ലാത്തതിനാൽ അഞ്ചുവയസുവരെ നടക്കാൻ പോലും കഴിയാത്ത കുട്ടിയായിരുന്നു ഫൗജ. പിന്നീട് നാട്ടുചികിത്സയിലൂടെ നടന്നുതുടങ്ങിയ ഫൗജ കൗമാരത്തിലോ യൗവനത്തിലോ സ്പോർട്സുമായി ഒരു ബന്ധമില്ലാത്ത കർഷകനായിരുന്നു. 1992ൽ ഭാര്യ മരണപ്പെട്ടപ്പോൾ പഞ്ചാബിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറി. 1994ൽ അഞ്ചാമത്തെ മകൻ കുൽദീപ് മരണപ്പെട്ടപ്പോൾ ആ ദുഖം മറക്കാനാണ് ജോഗിംഗ് തുടങ്ങിയത്. പിന്നീട് ഓട്ടം ഒരു ഹരമായി മാറി. 2000ത്തിൽ ബ്രിട്ടീഷ് മാരത്തോൺ ആറുമണിക്കൂറും 54 മിനിട്ടുംകൊണ്ട് പൂർത്തിയാക്കിയപ്പോഴാണ് ലോകം കയ്യടിച്ചത്. 89 വയസായിരുന്നു അപ്പോൾ ഫൗജയ്ക്ക്. പിന്നീട് ലോകമെങ്ങുമുള്ള മാരത്തോണുകളിൽ പങ്കെടുത്തു.

2011ൽ 100-ാം വയസിൽ ടൊറന്റോയിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിൽ ഒരേ ദിവസം 100,200,400 മീറ്ററുകളിൽ റെക്കാഡ് നേടി. 23.14 സെക്കൻഡിലാണ് 100 മീറ്ററിൽ ഫിനിഷ് ചെയ്തത്. 200ൽ 52.23 സെക്കൻഡും 400ൽ രണ്ട് മിനിട്ട് 13.48 സെക്കൻഡുമേ വേണ്ടിവന്നുള്ളൂ. മൂന്നുദിവസത്തിന് ശേഷം ടൊറന്റോ മാരത്തോണിൽ എട്ടുമണിക്കൂർ 11 മിനിട്ടിൽ ഫിനിഷ് ചെയ്ത് മാരത്തോണിൽ ഓ‌ടിയെത്തുന്ന ആദ്യ 100വയസുകാരനുമായി. 2012ൽ 101-ാം വയസിൽ ഹോംഗ് കോംഗിൽ 10 കി.മീ ഓട്ടത്തിൽ പങ്കെടുത്താണ് കരിയറിന് വിരാമമിട്ടത്.

എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ പുരസ്കാരം ലഭിക്കുന്ന അമേരിക്കക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് ഫൗജ. 2011ൽ പ്രൈഡ് ഒഫ് ഇന്ത്യ പുരസ്കാരവും ലഭിച്ചു.2012 ലണ്ടൻ ഒളിമ്പിക്സിന്റെ ദീപശിഖാവാഹകനായിരുന്നു. ഫൗജയുടെ നൂറാം പിറന്നാളിന് ബ്രിട്ടീഷ് രാഞ്ജി നേരിട്ട് ആശംസ അറിയിച്ചിരുന്നു.2011ലാണ് ടർബെയ്നഡ് ടൊർണാഡോ എന്ന ഫൗജയുടെ ലത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ ഓംഗ്കുമാർ 2011ൽ ഹിന്ദി സിനിമ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. സ്വന്തം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ വിധി ഫൗജ മുത്തശ്ശനെ കവർന്നത്.