പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ചു

Wednesday 16 July 2025 12:50 AM IST

റാന്നി : വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതിനാൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെയാണ് എക്സ് സർവീസ് മെൻ സംഘത്തിന്റെ തോട്ടത്തിൽ ടാപ്പിംഗിളനുപോയ മാവുങ്കൽ പി.എം.ജോൺ (രാജു) പുലിയെ കണ്ടത്. ഓടി രക്ഷപെട്ട ജോൺ നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു കഴിഞ്ഞ ദിവസം തന്നെ പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പും സ്ഥിരീകരിച്ചിരുന്നു.

അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വർക്കി, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, മെമ്പർമാരായ ടി.കെ.ജെയിംസ്, സിറിയക്ക് തോമസ്,റേഞ്ച് ഓഫീസർ ബി.ആർ.ജയൻ, ആർ.വരദരാജൻ എന്നിവർ കൂട് വച്ച സ്ഥലം സന്ദർശിച്ചു.

പുലിയുടെ സാന്നിദ്ധ്യം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ കൂട് വയ്ക്കാൻ സാധിച്ചു.

വനംവകുപ്പ് നടത്തിയ ഇടപെടലിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണനാണ് കൂടുവയ്ക്കുന്നതിനുള്ള അന്തിമ തീരുമാനമെടുത്തത്.

അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ

വലിയകാവിൽ ക്യാമറ സ്ഥാപിക്കും

റാന്നി വലിയകാവിൽ പുലിയെ കണ്ടെന്ന് അഭ്യൂഹമുള്ളതിനാൽ വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വാർഡ് മെമ്പർ പി.എസ്.സതീഷ് കുമാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ടോടെ സ്ഥലത്ത് പരിശോധന നടത്തി. മഴയുണ്ടായിരുന്നതിനാൽ കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനപാലകർ നിർദ്ദേശിച്ചു.