കോളേജിലെ ഉച്ചയൂണ് സമയത്ത് അതിഥിയും റിഥിനും സംരംഭകർ
കൊച്ചി: കോളേജിലെ ഉച്ചയൂണ് സമയമാകുമ്പോൾ അതിഥി ദേവിയും റിഥിൻ ജെ. ജോസഫും സംരംഭകരാകും. വിലപ്പെട്ട ആ ഒരു മണിക്കൂറിനുള്ളിൽ കരിമ്പിൻ ജ്യൂസുണ്ടാക്കി കുപ്പികളിലാക്കി കടകളിലെത്തിക്കാനുള്ള ഓട്ടപ്പാച്ചിലിലാകും ഇരുവരും. ജോലികഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഉച്ചകഴിഞ്ഞുള്ള ക്ലാസിൽ ഇരുവരുമെത്തും.
തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിസിലെ (കിറ്റ്സ്) ട്രാവൽ ആൻഡ് ടൂറിസം കോഴ്സിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് അതിഥി. റിഥിൻ രണ്ടാം വർഷ വിദ്യാർത്ഥിയും. പഠനവും സംരംഭവും ഒരുപോലെ കൊണ്ടുപോകുമ്പോൾ ഭേദപ്പെട്ട വരുമാനവും ഇരുവർക്കും കിട്ടുന്നുണ്ട്. കോളേജുകളിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ടൂറിസം ക്ലബ് പദ്ധതിയാണ് ഇവരെ സംരംഭകരാക്കിയത്.
ടൂറിസം കേന്ദ്രങ്ങളിൽ സംരംഭകരാകാൻ അവസരം ലഭിച്ചപ്പോഴാണ് കരിമ്പിൻ ജ്യൂസ് പദ്ധതി തിരഞ്ഞെടുത്തത്. ടൂറിസം ക്ലബ് പ്രോജക്ട് കോ-ഓർഡിനേറ്റർ സച്ചിനും ടൂറിസം വകുപ്പും ഒപ്പംനിന്നു. നിശാഗന്ധി ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിന്റെ കോ-ഓർഡിനേറ്റമാരായപ്പോൾ ലഭിച്ച പ്രതിഫലമായിരുന്നു മൂലധനം.
ദിവസം ഉത്പാദനം 50 കുപ്പി
മാർച്ചിൽ കനകക്കുന്നിൽ 'ഹരികെയിൻ" കിയോസ്‌ക് തുടങ്ങി കരിമ്പിൻ ജ്യൂസ് വിറ്റു. അത് ഹിറ്റായതോടെ ആത്മവിശ്വാസം കൂടി. കോളേജ് തുറന്നാലും കച്ചവടം തുടരാനാണ് ജ്യൂസ് കുപ്പിയിലാക്കിയത്. ജോലി വേഗത്തിലാക്കാൻ തലേന്ന് വൈകിട്ട് കരിമ്പിൻതണ്ടുകൾ വൃത്തിയാക്കും. ജ്യൂസുണ്ടാക്കാൻ 60,000 രൂപയ്‌ക്ക് മാസതവണയിൽ മെഷീനും വാങ്ങി. റിഥിന്റെ മേട്ടുക്കടയിലെ വീട്ടിലാണ് നിർമ്മാണം. അരമണിക്കൂർ കൊണ്ട് 50 കുപ്പികളിൽ ജ്യൂസ് നിറയ്‌ക്കും. 10 കുപ്പി വീതം സമീപത്തെ അഞ്ച് കടകളിലാണ് വിതരണം. കുപ്പിയൊന്നിന് വില 50 രൂപ. ആവശ്യക്കാരുണ്ടെങ്കിലും സമയമാണ് വെല്ലുവിളി. അവധിദിനങ്ങളിൽ കനകക്കുന്നിലെ കിയോസ്കും തുറക്കും. ക്ളാസ് ടോപ്പറാണ് റിഥിൻ. കൊല്ലം, വെളിയം സ്വദേശിയായ അതിഥി ഉള്ളൂരാണ് താമസം. രാജീവ്-അഭില ദമ്പതികളുടെ മകളാണ്. തൈക്കാട് മോട്ടുക്കട എസ്.കെ.എസ് ഭവനിൽ ജയരാജ്-മേരി പുഷ്പ ദമ്പതികളുടെ മകനാണ് റിഥിൻ.
ടൂറിസം ക്ലബിന്റെ നേട്ടങ്ങളിലൊന്നാണ് റിഥിന്റെയും അതിഥിയുടെയും സംരംഭം.
- പി. സച്ചിൻ
പ്രോജക്ട് കോ-ഓർഡിനേറ്റർ ടൂറിസം ക്ലബ്